സസ്‌പെൻസിന് വിരാമം; ഏക്‌നാഥ് ഷിന്ദെ ഉപമുഖ്യമന്ത്രിയാകും, പ്രതീക്ഷ പങ്കുവെച്ച് ഫഡ്നവിസ്
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരില്‍ മുൻ മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്ദെ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ശിവസേനയുടെ നേതൃത്വവുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ഷിന്ദെ സമ്മതം അറിയിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫഡ്‌നവിസിന്റെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മഹായുതി നേതാക്കള്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെ ഫഡ്‌നവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം 5.30ന് ആയിരിക്കും സത്യപ്രതിജ്ഞ.
ഷിന്ദെ സര്‍ക്കാരില്‍ ചേരുമെന്ന പ്രതീക്ഷയും ഫഡ്‌നവിസ് പങ്കുവെച്ചിരുന്നു. ‘ഷിന്ദെയ്ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. മന്ത്രിസഭയില്‍ തുടരണമെന്ന് ഷിന്ദെയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പദവി ഞങ്ങള്‍ക്കിടയില്‍ സാങ്കേതിക കരാര്‍ മാത്രമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അത് അങ്ങനെ തന്നെ തുടരും.’ ഫഡ്‌നവിസ് വ്യക്തമാക്കി.
രണ്ടര വര്‍ഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നവിസ് തന്റെ പേര് നിര്‍ദേശിച്ചുവെന്നും ഇപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുന്നുവെന്നും ഷിന്ദേയും പ്രതികരിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഷിന്ദെ സതാരയിലെ തന്റെ ഗ്രാമത്തിലേക്കാണ് പോയത്. പനിയും തലവേദനയുമാണെന്നും അതിനാലാണ് മുംബൈയിലേക്ക് തിരിച്ചുവരാത്തതെന്നും ഷിന്ദെ വ്യക്തമാക്കിയിരുന്നു. ഇതോടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു.
ഒടുവില്‍ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്ന് 11 ദിവസങ്ങള്‍ക്കുശേഷമാണ് അനിശ്ചിതത്വം അവസാനിച്ചത്. മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായി ഫഡ്‌നവിസിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നേരത്തെ, ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
ചന്ദ്രകാന്ത് പാട്ടീലും സുധീര്‍ മുന്‍ഗന്തിവറുമാണ് മുഖ്യമന്ത്രിയായി ഫഡ്‌നവിസിന്റെ പേര് നിര്‍ദേശിച്ചത്. ഫഡ്‌നവിസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ചരിത്രപരമായ ജനവിധി പാര്‍ട്ടി നേടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ യോഗത്തില്‍ പറഞ്ഞു. ബി.ജെ.പി. (132), ശിവസേന (57), എന്‍.സി.പി. (41) എം.എല്‍.എമാര്‍ക്ക് പുറമേ ഏഴ് സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാരിനുണ്ടാവുമെന്നും ബവന്‍കുലെ അറിയിച്ചു.
ബി.ജെ.പി. മുംബൈ മേഖല അധ്യക്ഷന്‍ ആശിഷ് ഷേലാര്‍ ചീഫ് വിപ്പാവും. ബി.ജെ.പി. ദേശീയ നിരീക്ഷകരായ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച മുംബൈ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കും.