KSDLIVENEWS

Real news for everyone

അന്ത്യചുംബനം നല്‍കാൻ ഉപ്പ പറന്നെത്തി;പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുല്‍ ജബ്ബാറിനെ കാണാൻ കണ്ണൂരിലെ വീട്ടില്‍ ജനസാഗരം

SHARE THIS ON

കണ്ണൂർ: ആലപ്പുഴ കളർക്കോട് വാഹനാപകടത്തില്‍ മരിച്ച കണ്ണൂർ മാട്ടൂല്‍ സ്വദേശി മുഹമ്മദ്‌ അബ്ദുല്‍ ജബ്ബാറിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചു.

നാട്ടുകാരും ബന്ധുക്കളും കൂടെ പഠിച്ചവരുമായി വൻ ജനാവലിയാണ് വീട്ടില്‍ എത്തിയിരിക്കുന്നത്. സൗദിയിലായിരുന്ന ഉപ്പ മകനെ അവസാനമായി കാണാൻ വീട്ടില്‍ എത്തി. പിതാവ് എത്തിയതിന് തൊട്ടുപിന്നാലെയാണ് അബ്ദുല്‍ ജബ്ബാറിൻ്റെ മൃതദേഹവും വീട്ടിലേക്കെത്തിച്ചത്. പഠിക്കാൻ മിടുക്കനായിരുന്ന അബ്ദുല്‍ ജബ്ബാർ കോച്ചിംഗ് ക്ലാസുകളിലൊന്നും പോകാതെയാണ് മെഡിക്കല്‍ സീറ്റ് നേടിയത്. വീട്ടില്‍ അരമണിക്കൂർ നേരം കുടുംബാംഗങ്ങള്‍ക്കും നാട്ടുകാർക്കും കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിന് ശേഷം മാട്ടൂല്‍ വേദാമ്ബർ ജുമാമസ്ജിദ് ഖബർ സ്ഥാനില്‍ സംസ്കാരം നടക്കും.

ആറാം ക്ലാസ് വരെ സൗദിയിലാണ് ജബ്ബാർ പഠിച്ചത്. പിന്നീട് ഹൈസ്കൂള്‍-ഹയർ സെക്കൻ്ററി വിദ്യാഭ്യാസം സമീപത്തുള്ള സ്കൂളിലായിരുന്നു. രണ്ടുമാസം മുമ്ബാണ് പുതിയവീട്ടിലേക്ക് താമസം മാറിയത്. വീടുമാറുന്ന ചടങ്ങിന് സുഹൃത്തുക്കളും സഹപാഠികളുമുള്‍പ്പെടെ കണ്ണൂരിലെത്തിയിരുന്നു. വൈകാരികമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. അതേസമയം, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകള്‍ എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ വൈകിട്ട് നടന്നു. ലക്ഷദ്വീപില്‍ നിന്ന് മാതാപിതാക്കളും കുടുംബക്കാരും എറണാകുളത്ത് എത്തിയിരുന്നു. കൂടാതെ പാലക്കാട് സ്വദേശിയായ ശ്രീദിപ് വത്സൻ്റെ മൃതദേഹം വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ശേഖരീപുരം ശ്രീവിഹാർ വീട്ടില്‍ മൃതദേഹം എത്തിച്ചത്. ഏക മകനെ അവസാനമായി ഒരു നോക്ക് കാണാൻ അമ്മയും അച്ഛനും എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. സഹപാഠികളും ശ്രീദിപുമായി അടുത്ത ബന്ധമുള്ളവരും ഉള്‍പ്പെടെ അന്തിമോപചാരമർപ്പിക്കാനെത്തിയവരെല്ലാം വിങ്ങിപ്പൊട്ടി.

20 വയസ് വരെ വീടുമായി ഇടപഴകിയിരുന്ന ശ്രീദിപ് ആദ്യമായാണ് വീട് വിട്ട് ഹോസ്റ്റലില്‍ എത്തിയത്. ഇന്നലെ രാത്രിയായിരുന്നു വീട്ടിലേക്കുള്ള അവസാന കോള്‍. സംസ്ഥാന ഹർഡില്‍സ് താരം കൂടിയായ ശ്രീദിപ് രണ്ടാം ശ്രമത്തിലാണ് മെറിറ്റില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം നേടിയത്. അരമണിക്കൂർ നീണ്ട വീട്ടിലെ പൊതുദർശനത്തില്‍ ജനപ്രതിനിധികള്‍, അധ്യാപകർ, സഹപാഠികള്‍, നാട്ടുകാർ ഉള്‍പ്പെടെ നൂറുകണക്കിനു പേർ അന്തിമോപചാരം അ൪പ്പിച്ചു. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം ചന്ദ്രനഗറിലെ വൈദ്യുത ശ്മാശനത്തില്‍ മൃതദേഹമെത്തിച്ചു. സംസ്‌കാര ചടങ്ങുകള്‍ ചന്ദ്രനഗർ ശ്‌മശാനത്തില്‍ പൂർത്തിയായി.

ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്ബരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!