KSDLIVENEWS

Real news for everyone

19 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ഒരു പ്രതി കൂടി റിമാണ്ടില്‍; ഒളിവിലുള്ളത് ഏഴുപേര്‍

SHARE THIS ON

കാസര്‍കോട്: പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു പ്രതിയെ കൂടി കോടതി റിമാണ്ട് ചെയ്തു. കുമ്പള നായ്ക്കാപ്പ് സൂരംബയലിലെ മഹാലിംഗയെ(42)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് മഹാലിംഗയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.
കാസര്‍കോട് കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും ഇടനിലക്കാരിയുമായ എന്‍മകജെ കുടുവാ വീട്ടിലെ ബീഫാത്തിമ (42), ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീന്‍ കുഞ്ഞി (29), മാങ്ങാട് ബാര ആര്യടുക്കത്തെ എന്‍. മുനീര്‍ (29), ചേരൂര്‍ പാണലത്തെ ഹമീദ് എന്ന ടൈഗര്‍ ഹമീദ് (40), ബദിയടുക്ക പള്ളത്തടുക്കയിലെ കടമന വീട്ടില്‍ ബാലകൃഷ്ണ എന്ന കൃഷ്ണ (64), പട്‌ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27), ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിന്‍ (22), കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ എന്ന ജംഷി (31) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇനി ഏഴുപേരാണ് പിടിയിലാകാനുള്ളത്. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിരയാക്കിയത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയതും. പീഡന പരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തത്. കേസുകളില്‍ 18 പ്രതികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!