100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 3.9 സെക്കന്‍ഡ്; അരമണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ്-ബിഎംഡബ്യു ഐ 4 ഇവി ഏപ്രില്‍ 28 ന്

ഇന്ത്യന്‍ വാഹനലോകം ഇലക്ട്രികിലേക്ക് മാറുന്നതിന്റെ ഗതിവേഗം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആഡംബര വാഹനനിര്‍മാതാക്കളും ആ വേഗത്തിനൊപ്പം തന്നെയാണ് ഓടുന്നത്. ബിഎംഡബ്ലൂ അക്കൂട്ടത്തില്‍ കുറച്ചുകൂടി വേഗം കൂടുതലാണ് എന്ന് വേണം കരുതാന്‍.
ഇന്ത്യയില്‍ മൂന്നാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഈ ജര്‍മന്‍ കരുത്ത്. ഐഎക്സ് എസ് യു വി, മിനി കൂപ്പര്‍ എസ് ഇ ഹാച്ച്ബാക്ക് എന്നിവയ്ക്ക് പിന്നാലെ ഐ4 (BMW i4) എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാന് ഇന്ത്യയില്‍ ഈ മാസം തന്നെ അവതരിപ്പിക്കുകയാണ് കമ്ബനി. കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ആഗോളവിപണിയില്‍ അവതരിപ്പിച്ച മോഡലാണ് ബിഎംഡബ്ലൂ ഐ4 ഇവി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സമ്ബൂര്‍ണ സെഡാനും ഇതായിരുക്കുമെന്നാണ് കമ്ബനിയുടെ അവകാശവാദം.
രണ്ട് വകഭേദങ്ങളുള്ള ഈ വാഹനത്തിന്റെ ഇഡ്രൈവ്40 (eDrive40) എന്ന വേരിയന്റിന്റെ വിശേഷങ്ങളിലേക്ക് വന്നാല്‍ 81.5 കെ.ഡബ്യൂ.എച്ച് ബാറ്ററിയാണ് ഈ വേരിയന്റിന്റെ പവര്‍ ഹൗസ്. 330 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കും ഇതിന്റെ മോട്ടോറിന് ഉത്പാദിപ്പിക്കാനാകും. ഫുള്‍ ചാര്‍ജില്‍ 590 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ വേരിയന്റിനാകുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 5.7 സെക്കന്‍ഡുകളാണ് ഈ വേരിയന്റിന് വേണ്ടത്.
രണ്ടാമത്തെ വേരിയന്റായ എം50 (M50) യിലേക്ക് വന്നാല്‍ ഇതൊരു ഇലക്ട്രിക് പെര്‍ഫോമന്‍സ് കാറായാണ് ബിഎംഡബ്യു അവതരിപ്പിക്കുന്നത്. 81.5 KWh ബാറ്ററി തന്നെയാണ് ഈ വേരിയന്റിനും ഊര്‍ജം നല്‍കുന്നത്. ഓള് വീല്‍ഡ്രൈവുള്ള ഈ മോഡലിന് 544 എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 3.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ മോഡലിന്.
അകത്തേക്ക് വന്നാല്‍ രണ്ട് വാഹനത്തിനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും 14.9 ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റവുമാണ് നല്‍കിയിരിക്കുന്നത്. അഡാസ് പോലുള്ള ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
200Kw ഫാസ്റ്റ് ചാര്‍ജിങ് വരെ ബിഎംഡബ്യൂ ഐ4 ല്‍ സാധിക്കും. അതുപയോഗിച്ച് പൂജ്യത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജിലെത്താന്‍ 30 മിനിറ്റ് മാത്രം മതി. എന്നാല്‍ ഇതുപോലെയുള്ള ചാര്‍ജിങ് സോക്കറ്റുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. വീടുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന 11 kW ചാര്‍ജര്‍ ഉപയോഗിച്ച് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂറും 30 മിനിറ്റും ആവശ്യമാണ്.
ഏപ്രില്‍ 28 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ബിഎംഡബ്യൂ ഐ4 ന് 80 ലക്ഷം രൂപ മുതലായിരിക്കും വില ആരംഭിക്കുക.

