KSDLIVENEWS

Real news for everyone

വഖഫ് ബില്‍: ലീഗിന്റേത് പൂരം കഴിഞ്ഞുള്ള വെടിക്കെട്ടെന്ന് ഐഎന്‍എല്‍

SHARE THIS ON

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സമര പരിപാടികളില്‍ ഒന്നും പങ്കെടുക്കാതെ മുനമ്ബം സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവുമായി ഓടിനടന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ല് പാസായ ശേഷം പ്രക്ഷോഭത്തിന് ഇറങ്ങുന്നത് പൂരം കഴിഞ്ഞ് വെടിക്കെട്ട് നടത്തുന്നതിന് തുല്യമാണെന്ന് ഐഎന്‍എല്‍.

വഖഫ് വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റേയും മറ്റു രാഷ്ട്രീയ മത സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഒട്ടനവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചപ്പോഴൊന്നും മുസ്ലിം ലീഗിന്റെ ഒരു നേതാവിനെയും അവിടെ കണ്ടിട്ടില്ല..

ഖാഇദെ മില്ലത്തിന്റെയും സുലൈമാന്‍ സേട്ടിന്റെയും ബനാത്ത് വാലയുടെയും കാലഘട്ടത്തില്‍ വ്യക്തി നിയമ ബോര്‍ഡിന്റെയും സമാന കൂട്ടായ്മകളുടെയും അമരത്ത് ലീഗ് നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ഡല്‍ഹിയില്‍ നിന്ന് പാണക്കാട്ടേക്ക് പറിച്ചു നട്ടതോടെ മോദി സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു പരിപാടിയും വേണ്ട എന്ന് തീരുമാനിച്ചപ്പോഴാണ് മെത്രാന്മാരുടെയും മാര്‍പാപ്പയുടെയും ആശിര്‍വാദം തേടി പ്രതിച്ഛായ മിനുക്കുക മുഖ്യ അജണ്ടയായി മാറിയത്. വഖഫ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെസിബിസിയും കാസയും സഭാ നേതൃത്വവും തിട്ടൂരമിറക്കിയപ്പോഴാണ് ഇനിയും അണികളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയില്ലെന്ന് തിരിച്ചറിവുണ്ടായത്.

വഖഫ് ബില്ലിനെതിരെ രാജ്യമാസകലം പ്രതിഷേധമുയര്‍ന്നപ്പോള്‍ മുസ്ലിം സംഘടനകളെ കോഴിക്കോട് വിളിച്ചു കൂട്ടി ചിന്താപരമായി വരിയുടച്ചത് നാം കണ്ടു. ലീഗ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒറ്റ പരിപാടിയും നടന്നില്ല. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാവുകയും നിയമമാകാന്‍ പശ്ചാത്തലമൊരുങ്ങുകയും ചെയ്തപ്പോഴാണ് അണികളിലെ രോഷം പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന് നേതാക്കള്‍ മനസ്സിലാക്കിയത്. അതിന് ശേഷമാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റ് ‘മഹാറാലി’ പ്രഖ്യാപിച്ചത്. സമുദായ പാര്‍ട്ടിയുടെ ഈ പതനത്തിന് കാവല്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് അധികം വൈകാതെ പലതും തുറന്നു പറയേണ്ടിവരുമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!