തോല്വി ജനം നല്കുന്ന മുന്നറിയിപ്പ്, തിരുത്തും; ചെറുപ്പക്കാര് നേതൃത്വത്തിലേക്ക് വരും-വി.ഡി.സതീശന്

കേരളത്തിലെ കോൺഗ്രസിൽ ചെറുപ്പക്കാരുൾപ്പെടുന്ന പുതുതലമുറ നേതൃനിരയിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് പരാജയത്തേപ്പറ്റി വിശദമായ വിലിരുത്തൽ വരും ദിനങ്ങളിൽ ഉണ്ടാകുമെന്നും തെറ്റുകൾ തിരുത്തി പുതിയ കാലത്തെ നേരിടാൻ സജ്ജമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാതൃഭുമി ഡോട്ട് കോമിനോട് പറഞ്ഞു. തോൽവി നൽകുന്നത് ചില മുന്നറിയിപ്പുകൾ കൂടിയാണ്. ആ മുന്നറിയിപ്പ് എന്താണെന്നത് തോൽവിയെ പറ്റി പഠിക്കുമ്പോഴാണ് നമ്മൾക്ക് മനസിലാക്കാനാവുക. ഞങ്ങളുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖം വായിക്കാം…
? 15-ാം നിയമസഭയിൽ പ്രതിപക്ഷത്തിന്റെ രീതികളിൽ വലിയ വ്യത്യാസം കാണുന്നുണ്ടല്ലോ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും ഇറങ്ങിപ്പോകാതിരിക്കുക, സഭയിൽ കൂടുതൽ ശക്തമായ വാദങ്ങൾ ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ. പുതിയ പ്രതിപക്ഷനേതാവിന്റെ കീഴിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ?
പല വിഷയങ്ങളാണ് നമ്മൾ സഭയിൽ കൊണ്ടുവരുന്നത്. വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് സമീപനങ്ങൾ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നീരുപാധികമായ പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുള്ളത്. സർക്കാരിനൊപ്പം കോവിഡ് പ്രതിരോധത്തിനായി ജനങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങളുടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർക്കാരിന്റെ കൂടെ നിന്ന് പ്രവർത്തിക്കണമെന്ന കർശനമായ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
സഭയിൽ ആദ്യത്തെ ദിവസം ഞങ്ങൾ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചു. തീരപ്രദേശത്ത് ഗവൺമെന്റിന്റെ പൂർണമായ അവഗണന ഉണ്ടായിരുന്നു. അക്കാര്യത്തിൽ ഞങ്ങൾ വാക്കൗട്ട് ചെയ്തു. അടുത്ത ദിവസം മറ്റൊരു വിഷയമാണ് ഉന്നയിച്ചത്. കോവിഡ് മരണവുമായി ബന്ധപ്പെട്ടതായിരുന്നു അത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടാകുന്ന വീഴ്ചകളും തെറ്റും സംഭവിച്ചാൽ ഞങ്ങളത് ചൂണ്ടിക്കാണിക്കുമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഞങ്ങളവതരിപ്പിച്ച വിഷയം ചർച്ച ചെയ്യപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് സഭയിൽ കൊണ്ടുവന്നത്. പക്ഷെ അത് ചർച്ച ചെയ്തില്ല. എന്നാൽ വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ഇതുവരെ മരണനിരക്ക് കുറച്ചുകാണിക്കുകയായിരുന്നു സർക്കാർ. ഇനിമുതൽ ഞങ്ങൾ മുന്നോട്ടുവെച്ചതുപ്രകാരം ഡോക്ടർമാരാണ് കോവിഡ് മരണം സ്ഥിരീകരിക്കുക.
മൂന്നാമതായി കൊണ്ടുവന്നത് ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട വിഷയമാണ്. ഓൺലൈൻ ക്ലാസുകളിൽ നിന്ന് സംസ്ഥാനത്ത് എഴ് ലക്ഷം കുട്ടികൾ പുറത്താണ്. മതിയായ സൗകര്യങ്ങളില്ലാത്തതിനാലോ, ഇന്റർനെറ്റ് സൗകര്യത്തിന്റെ അപര്യാപ്തത മൂലമോ ഒക്കെ. അതൊക്കെ ഞങ്ങൾ ഉന്നയിക്കേണ്ടതല്ലെ. കഴിഞ്ഞ ഒരുവർഷമായി ഇക്കാര്യത്തിൽ ഗവൺമെന്റ് ഒരു പരിശോധന പോലും നടത്തിയിട്ടില്ല. 40 ശതമാനത്തോളം കുട്ടികൾ പോലും ക്ലാസുകളിൽ പങ്കെടുക്കുന്നില്ല. പഠന നിലവാരം പോകുന്നു. ഇതൊക്കെ നയപ്രഖ്യാപന സമയത്ത് ഞങ്ങൾ പറഞ്ഞതാണ്. പക്ഷെ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ അക്കാര്യത്തിൽ ഗവൺമെന്റ് ഗൗരവമായ സമീപനവുമായി മുന്നോട്ടുവന്നു.
കോവിഡ് പോലെ നിരുപാധികപിന്തുണ ഗവൺമെന്റിന് നൽകിയിട്ടുള്ള ഒരു വിഷയത്തിൽ വാക്കൗട്ടുകൾ മനപൂർവം ഒഴിവാക്കിയിട്ടുള്ളതാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും സംയമനം പാലിച്ച് ഞങ്ങൾ ജനങ്ങളോടൊപ്പം നിന്നു.
? പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തി, അധികാരം കൂടുതൽ പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ. അങ്ങനെയുള്ളപ്പോൾ 41 എംഎൽഎമാർ മാത്രമുള്ള പ്രതിപക്ഷം ദുർബലമാണെന്ന് കരുതുന്നുണ്ടോ?
കഴിഞ്ഞ ഒരാഴ്ച കൊണ്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ദുർബലമാണെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ? ഞാനറിഞ്ഞത്, അംഗബലം കുറവാണെങ്കിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പ്രതിപക്ഷമാണെന്ന ശക്തമായ വിലയിരുത്തൽ ഭരണപക്ഷത്തിനുണ്ട് എന്നാണ്. 41 അംഗങ്ങളെയുള്ളുവെന്നതിനാൽ ചെറുതായി കാണാവുന്ന പ്രതിപക്ഷമാണോ. ഒരാഴ്ചകൊണ്ട് ഞങ്ങൾ കൊണ്ടുവന്ന വിഷയം കൊണ്ടും അതിന്റെ വ്യാപ്തികൊണ്ടും പ്രതിപക്ഷം ദുർബലമാണെന്ന് ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല.
? കോൺഗ്രസിനും യുഡിഎഫിനും നിർണായകമായിരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. വരുന്ന അഞ്ചുവർഷം നിലനിൽപ്പിന്റേതായ നിർണായകമായ സമയമാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി കണക്കാക്കുന്നതെന്താണ്?
പരാജയത്തെപ്പറ്റി കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയും പ്രവർത്തക സമിതിയും പ്രാഥമികമായി വിലയിരുത്തൽ നടത്തിയിട്ടുണ്ട്. കർശനമായ ലോക്ക്ഡൗൺ പാലിച്ചതുകൊണ്ടാണ് മറ്റ് കമ്മിറ്റികളിലേക്ക് അത് പോകാതിരുന്നത്. എല്ലാ ജില്ലകളിൽ നിന്നും തോൽവിയെ സംബന്ധിച്ച ഫീഡ്ബാക്കുകൾ കളക്ട് ചെയിതിരുന്നു. ലോക്ക്ഡൗൺ കഴിഞ്ഞാൽ ഇക്കാര്യത്തിൽ യുഡിഎഫ് വിശദമായ ഒരു യോഗം നടത്തുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതി രണ്ടോ മൂന്നോ ദിവസം യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച വിശദമായ യോഗം അപ്പോഴാണ് നടക്കുക.
പ്രാഥമികമായി ചില കാര്യങ്ങളേപ്പറ്റി ഞങ്ങൾക്ക് ബോധ്യമുണ്ട്. തോൽവിയെന്ന് പറയുന്നത് ജനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ചില മുന്നറിയിപ്പുകൂടിയാണ്. ഞങ്ങളത് തിരുത്തി മുന്നോട്ടുപോകാൻ വേണ്ടിയിട്ടാണ്. ഭരിക്കാൻ ഒരുപാർട്ടിക്ക് ഭുരിപക്ഷം നൽകുമ്പോൾ മറ്റൊരു പാർട്ടിക്ക് തോൽവി നൽകുന്നു. അങ്ങനെ തോൽവി നൽകുന്നത് ചില മുന്നറിയിപ്പുകൾ കൂടിയാണ്. ആ മുന്നറിയിപ്പ് എന്താണെന്നത് തോൽവിയെ പഠിക്കുമ്പോഴാണ് നമ്മൾക്ക് മനസിലാക്കാനാവുക. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകും.
തിരിച്ചുവരാൻ സാധിക്കുമെന്ന ആത്മവിശ്വാസം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. കെ.പി.സി.സിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ അതിൽ തീരുമാനമുണ്ടാകും. അതുകൂടി വന്നാൽ സംഘടനാ സംവിധാനം ഒന്നുകൂടി മെച്ചപ്പെട്ട് പുതിയ കാലത്തെ നേരിടാൻ തയ്യാറാകും. അഞ്ചുവർഷം ഭരണം കഴിഞ്ഞാൽ അഞ്ചുവർഷം പ്രതിപക്ഷത്താകും. ഇപ്പോൾ 10 വർഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. അടുത്ത അഞ്ചുവർഷം വെല്ലുവിളികൾ നിറഞ്ഞൊരു സാഹചര്യമാണ്. അതൊരു പുതിയ കാലമാണ്. അപ്പോ പുതിയ കാലത്തിനെ നേരിടാൻ വേണ്ടി എല്ലാ സന്നാഹങ്ങളുമൊരുക്കി ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനം നടത്തും.
? രണ്ടാം പിണറായി സർക്കാരിനെ നേരിടാൻ പുതിയ പ്രതിപക്ഷനേതാവ്. അതേപോലെ യുഡിഎഫ് മുന്നണിയുടെ നേതൃസ്ഥാനത്തുള്ള കോൺഗ്രസിലും നേതൃമാറ്റത്തിന് അരങ്ങുയരുന്നു. ഇത്തരം ഉപരിപ്ലവമായ മാറ്റങ്ങൾ കൊണ്ട് തിരിച്ചുവരവ് സാധ്യമാകുമോ?
എല്ലായിടത്തും മാറ്റം വരും. എന്നാൽ എല്ലാസ്ഥലത്തും തലമുറമാറ്റം പ്രായോഗികമല്ല. മുതിർന്ന തലമുറയെ പൂർണമായും മാറ്റി ഒരു തലമുറമാറ്റം സാധ്യമല്ല. കോൺഗ്രസിൽ രണ്ടാം നിരയായും മൂന്നാം നിരയായും പ്രവർത്തിച്ചിരുന്ന ചെറുപ്പക്കാരുണ്ട്. കോൺഗ്രസിന്റെ പ്രതീക്ഷമുഴുവൻ അവരാണ്. എന്റെയും പ്രതീക്ഷ അവരാണ്. അവർ നേതൃനിരയിലേക്ക് വരും. ഒരു സംശയവും അക്കാര്യത്തിൽ വേണ്ട. കാരണം അവരെ ജനാധിപത്യ വിശ്വാസികളും കേരളത്തിലെ പൊതുസമൂഹവും ഇഷ്ടപ്പെടുന്നു. അവർ നല്ല ബന്ധം ജനങ്ങളുമായി ഉണ്ടാക്കിയിട്ടുണ്ട്. അവരെ കൈപിടിച്ച് കൊണ്ടുവരിക എന്ന ചുമതല ഞാനടക്കമുള്ള ആളുകൾ നിർവഹിക്കും. മുതിർന്ന തലമുറയുടെ അനുഗ്രഹാശിസുകൾ കൂടി അവർ വരുന്ന കാര്യത്തിൽ ഉണ്ടാകുമെന്നുകൂടി എനിക്ക് ശുഭപ്രതീക്ഷയുണ്ട്.
? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ- അഴിമതി വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ നിയമസഭയിൽ ചർച്ചയിൽ മാത്രം അവ ഒതുങ്ങിപ്പോവുകയും ജനങ്ങളിലേക്ക് പ്രതിപക്ഷം എത്താതെ പോവുകയും ചെയ്തു എന്ന് കരുതുന്നുണ്ടോ?
നിയമസഭയ്ക്കകത്ത് പ്രതിപക്ഷത്തിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. നിയമസഭയ്ക്കൂള്ളിൽ കൊണ്ടുവരുന്ന വിഷയങ്ങൾ പൊതുസമൂഹത്തിനുള്ളിൽ ചർച്ചയാകണമെങ്കിൽ അത് സംഘടനാ സംവിധാനത്തിൽ കൂടെയും യുഡിഎഫിന്റെ സംവിധാനത്തിൽ കൂടെയുമാണ് ചെയ്യേണ്ടത്. അത് വേണ്ട രീതിയിൽ നടപ്പിലാക്കാൻ സാധിച്ചില്ല എന്നൊരു വിലയിരുത്തൽ കഴിഞ്ഞ കാലത്തേക്കുറിച്ചുണ്ട്. അപ്പോൾ ഞങ്ങൾ തെറ്റുകൾ തിരുത്തുന്ന സമയത്ത് അതുംകൂടി തിരുത്തി കൂടുതൽ ഉയരങ്ങളിലേക്ക് പോകാനുള്ള ശ്രമങ്ങൾ തീർച്ചയായും നടത്തും.
? കോൺഗ്രസ് തകർന്നാൽ വളരുന്നത് ബിജെപിയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് ആ സാധ്യതയ്ക്ക് കുറയെങ്കിലും മങ്ങലേൽപ്പിച്ചു. ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം എത്രത്തോളം കോൺഗ്രസിന് ഭീഷണിയാണ് കേരളത്തിൽ?
ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു ഇപ്രാവശ്യം. ആ വോട്ടുമുഴുവൻ പോയത് സിപിഎമ്മിലേക്കാണ് എന്നാണ് വ്യക്തമായ തെളിവുകൾ. ബിജെപി കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കാതിരുന്നതിന് കാരണം കോൺഗ്രസും യുഡിഎഫുമാണ്. നേമത്ത് കെ. മുരളീധരൻ മത്സരിച്ചതുകൊണ്ടാണ് ബിജെപി ജയിക്കാതെ പോയത്. കാസർകോടാണ് ജയിക്കാൻ സാധ്യതയുണ്ടായിരുന്ന സ്ഥലം. അവിടെ അവരെ തോൽപ്പിച്ചത് യുഡിഎഫാണ്. പാലക്കാടായിരുന്നു അവർ ജയിക്കാൻ സാധ്യതയുണ്ടായിരുന്ന മറ്റൊരു സ്ഥലം. അവിടെ അവരെ തോൽപ്പിച്ചതും കോൺഗ്രസാണ്. ബിജെപി പ്രതീക്ഷിച്ചിരുന്ന എല്ലാ സീറ്റുകളിലും അവരെ പരാജയപ്പെടുത്തിയത് കോൺഗ്രസാണ്.
നേമത്ത് മാത്രമാണ് എൽഡിഎഫ് ജയിച്ചത്. പക്ഷെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മുരളീധരന്റെ സാന്നിധ്യമാണ് എൽഡിഎഫ് വിജയിക്കാനും ബിജെപി തോൽക്കാനും കാരണമായത്. അതെല്ലാവർക്കുമറിയാം. മറ്റ് സ്ഥലങ്ങളിലെല്ലാം എൽഡിഎഫും ബിജെപിയും തമ്മിൽ ബാന്ധവമുണ്ടായിരുന്നു. യുഡിഎഫിന് ബിജെപിയുടെ വോട്ട് കിട്ടിയെന്ന് മുഖ്യമന്ത്രിയൊരു കണക്ക് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പക്ഷെ പറഞ്ഞ് വന്നപ്പോഴേക്കും വോട്ട് പോയത് എൽഡിഎഫിലേക്കാണെന്ന് വ്യക്തമാകുന്ന കണക്കുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. കണക്കവതരിപ്പിച്ച് വാദി പ്രതിയാകുന്ന സാഹചര്യമാണ് നിയമസഭയിലുണ്ടായത്.
എല്ലാ സ്ഥലങ്ങളിലും ആർഎസ്എസ് ആണ് സിപിഎമ്മിനെ ജയിപ്പിക്കാൻ വേണ്ടി രംഗത്തിറങ്ങിയത്. കാരണം സംഘപരിവാറിന്റെ അജണ്ടയാണ് കോൺഗ്രസ് മുക്ത ഭാരതം. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ തോൽപ്പിക്കാൻ അവർ ഒരുമിച്ച് കൂടി.
? കേരളത്തിൽ ബിജെപിയേ ആണോ, സിപിഎമ്മിനെ ആണോ എതിർക്കേണ്ടത് എന്ന ആശയ അവ്യക്തത യുഡിഎഫിനുള്ളിലുണ്ടോ?
ഒരു അവ്യക്തതയുമില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന വന്നിരുന്നു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളത്. ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം വേണമെന്ന് ഞങ്ങളാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര വാക്സിൻ നയത്തിനെതിരെ പ്രമേയം വന്നപ്പോൾ രാഷ്ട്രീയമായി ബിജെപിക്കെതിരെ സംസാരിച്ചത് ഞങ്ങളാണ്.
അതേസമയത്ത് സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും തിരുത്തുന്നതിനും അവരെ വിമർശിക്കുന്നതിനും ഞങ്ങളുണ്ടാകും.
? മതേതര കേരളമെന്ന് കൊട്ടിഘോഷിക്കുമ്പോളും ജാതി- മത ശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. ഇത്തരം സമുദായ ശക്തികളോടുള്ള സമീപനം പ്രതിപക്ഷ നേതാവെന്ന തരത്തിൽ എങ്ങനെയാകും?
അക്കാര്യം വ്യക്തമായി പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടുകൂടി തന്നെ അക്കാര്യത്തിൽ ഒരു നിലപാടുമായി മുന്നോട്ടുപോകും. കോൺഗ്രസ് ഒരു മതേതര പാർട്ടിയാണ്. എല്ലാ മതവിഭാഗങ്ങൾക്കും പൂർണമായും വിശ്വസിക്കാൻ കഴിയുന്ന എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു കുടക്കീഴിൽ നിർത്തുന്ന സമുദായ മൈത്രിക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരിലും വിശ്വാസമുണ്ടാക്കാൻ കഴിയുന്ന ഒരു മതേതര കാഴ്ചപ്പാടാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. അതിൽ ഒരുകാരണവശാലും ഒരവസരത്തിലും വെള്ളം ചേർക്കില്ല. ആ ഉറപ്പാണ് കേരളത്തിന്റെ പൊതുസമൂഹത്തോട് കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ യുഡിഎഫിന്റെ ചെയർമാനെന്ന നിലയിൽ എനിക്ക് നൽകാവുന്ന ഉറപ്പ്.

