KSDLIVENEWS

Real news for everyone

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച: ഡല്‍ഹിയിലേക്ക് ഒരേ വിമാനത്തില്‍ പറന്ന് നിതീഷും തേജസ്വി യാദവും

SHARE THIS ON

പട്ന: സഖ്യചർച്ചകള്‍ക്കായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിയിലേക്ക് തിരിച്ചു.

ഇരുവരും ബിഹാറില്‍നിന്ന് ഒരേ വിമാനത്തിലാണ് പോകുന്നത്. നിതീഷ് ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന എൻ.ഡി.എ യോഗത്തിലും തേജസ്വി യാദവ് വൈകീട്ട് ആറിന് നടക്കുന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിലും പങ്കെടുക്കും. ലോക് ജനശക്തി പാർട്ടി പ്രസിഡന്റ്‌ ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു നിതീഷ് ഡല്‍ഹിക്ക് പുറപ്പെട്ടത്

ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് തേജസ്വി യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തങ്ങളുടെ പോരാട്ടം. അയോധ്യയില്‍ ഇൻഡ്യാ സഖ്യത്തെ രാമൻ അനുഗ്രഹിച്ചു. അതിനാല്‍ തന്നെ മോദി പ്രഭാവം അസ്തമിച്ചു എന്നത് വ്യക്തമാണ്. ഭൂരിപക്ഷത്തില്‍നിന്ന് ഏറെ അകലെയാണ് ബി.ജെ.പി. അവർ ഇപ്പോള്‍ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഭരണഘടന സംരക്ഷിക്കുന്നതില്‍ വിജയിച്ചു എന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

240 സീറ്റിലാണ് ബി.ജെ.പി ജയിച്ചിട്ടുള്ളത്. തനിച്ച്‌ ഭരിക്കാൻ 272 സീറ്റ് വേണം. നിലവില്‍ എൻ.ഡി.എക്ക് 294 സീറ്റുകളുണ്ട്. ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ആർക്കൊപ്പം നില്‍ക്കുമെന്നുള്ളത് സർക്കാർ രൂപീകരണത്തില്‍ നിർണായകമാകും. കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തില്‍ സർക്കാർ രൂപീകരണം വേഗത്തിലാക്കാനാണ് ബി.ജെ.പി ലക്ഷ്യം.

എന്നാല്‍, എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്റെയും ഇൻഡ്യാ സഖ്യത്തിന്റെയും ശ്രമം. നിലവിലെ സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാല്‍ ഇൻഡ്യാ മുന്നണിക്ക് 28 സീറ്റ് അധികം ലഭിക്കും. അതേസമയം ചന്ദ്രബാബു നായിഡുവുമായും ഇൻഡ്യാ നേതാക്കള്‍ ആശയവിനിമയം നടത്തിയെങ്കിലും നരേന്ദ്രമോദിയും ബി.ജെ.പിയും അഭിനന്ദിച്ച ചന്ദ്രബാബു

നായിഡു എൻ.ഡി.എയില്‍ തന്നെ തുടരുമെന്നാണ് സൂചന.

അതേസമയം നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം ഇൻഡ്യാ സഖ്യം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇൻഡ്യാ മുന്നണിയുടെ കണ്‍വീനർ സ്ഥാനമെങ്കിലും നല്‍കി കൂടെക്കൂട്ടാനാണ് ശ്രമം. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43 സീറ്റ് മാത്രം നേടിയിട്ടും ബിഹാറിലെ മുഖ്യമന്ത്രി പദം കൈക്കലാക്കിയ നിതീഷിന്റെ തന്ത്രങ്ങള്‍ ബി.ജെ.പി ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!