KSDLIVENEWS

Real news for everyone

ഒരിക്കലും പാര്‍ലമെന്റ് കാണരുതെന്ന് സംഘ്പരിവാര്‍ പ്രചരിപ്പിച്ച 10 സ്ഥാനാര്‍ഥികള്‍ക്കും ഉജ്ജ്വല ജയം

SHARE THIS ON

ന്യൂഡല്‍ഹി: ഒരിക്കലും പാർലമെന്റ് കാണരുതെന്ന് സംഘ്പരിവാർ പ്രചരിപ്പിച്ച 10 സ്ഥാനാർഥികള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം.

ബി.ജെ.പി അനുകൂലിയായ ഷെഫാലി വൈദ്യയാണ് ഈ കാമ്ബയിന് തുടക്കം കുറിച്ചത്. അടുത്ത ലോക്‌സഭയില്‍ ഉണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ടാവും. പക്ഷേ, ലോക്‌സഭയില്‍ കാണരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആദ്യത്തെ 10 ആളുകള്‍ ആരാണ്? എന്ന കുറിപ്പോടെയാണ് അവർ 10 പ്രതിപക്ഷ നേതാക്കളുടെ പേര് പോസ്റ്റ് ചെയ്തത്.

മഹുവ മൊയ്ത്ര, ശശി തരൂർ, സുപ്രിയ സുലെ, ശത്രുഘ്‌നൻ സിൻഹ, എ. രാജ, അസദുദ്ദീൻ ഉവൈസി, കനിമൊഴി, ദയാനിധി മാരൻ, കിഷോരി ലാല്‍ ശർമ, രാഹുല്‍ ഗാന്ധി എന്നിവരാണ് പരാജയപ്പെടേണ്ട സ്ഥാനാർഥികളായി ഷെഫാലി വൈദ്യ പറഞ്ഞത്. എന്നാല്‍ ഇവരെല്ലാം വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.

മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ 62,8789 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. ശശി തരൂർ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ 16,077 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബരാമതിയില്‍ ബന്ധുക്കളുടെ പോരില്‍ ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെ അജിത് പവാറിന്റെ ഭാര്യയായ സുനിത്ര പവാറിനെ 73,2312 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.

ശത്രുഘ്‌നൻ സിൻഹ പശ്ചിമ ബംഗാളിലെ അസൻസോളില്‍ 59,564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എ. രാജ കേന്ദ്രമന്ത്രി എല്‍. മുരുഗനെതിരെ 24,0585 വോട്ടിന്റെ ഭൂരിപക്ഷം നേടി. അസദുദ്ദീൻ ഉവൈസി ഹൈദരാബാദില്‍ 3.38 ലക്ഷം വോട്ടിന് വിജയിച്ചു. കനിമൊഴി 3.93 ലക്ഷത്തിന്റെ വൻ ഭൂരിപക്ഷം നേടി. ദയാനിധി മാരൻ 2.44 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ അമേഠിയില്‍ വീരവാദം മുഴക്കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കിഷോരിലാല്‍ ശർമ 1.67 ലക്ഷം വോട്ടിനാണ് മലർത്തിയടിച്ചത്.

സംഘ്പരിവാറിന്റെ ഏറ്റവും വലിയ ടാർഗറ്റ് ആയിരുന്ന രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. റായ്ബറേലിയില്‍ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ 3.89 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് വയനാട് രാഹുലിന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!