KSDLIVENEWS

Real news for everyone

കൊച്ചി നെട്ടൂരിൽ
വള്ളം മറിഞ്ഞു; സഹോദരങ്ങളടക്കം 3 പേര്‍ മരിച്ചു; അപകടം പിറന്നാള്‍ കേക്കുമായി പോകുമ്പോള്‍

SHARE THIS ON

കൊച്ചി കോന്തുരുത്തി തേവര കായലില്‍ തിങ്കളാഴ്ച വൈകുന്നേരം വള്ളം മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്ന് പേര്‍ മരിച്ചു. പിറന്നാള്‍ കേക്കുമായുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം. കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു. നെട്ടൂര്‍ ബീന മന്‍സിലില്‍ നവാസിന്റെയും ഷാമിലയുടെയും മക്കളായ ആഷ്‌ന (22) , ആദില്‍ (18), കോന്തുരുത്തി മണലില്‍ പോളിന്റെയും ഹണിയുടെയും മകന്‍ എബിന്‍ പോള്‍(20) എന്നിവരാണ് മരിച്ചത്. എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്ബില്‍ ജൂഡ് തദേവൂസിന്റെ മകന്‍ പ്രവീണ്‍ (23) ആണ് രക്ഷപെട്ടത്.
ആഷ്‌നയും ആദിലും വീട്ടില്‍ നിര്‍മിച്ചതായിരുന്നു കേക്ക്. കോന്തുരുത്തിയില്‍ നിന്ന് ഫൈബര്‍ വള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. വ്യവസായ മേഖലയിലേക്ക് ബാര്‍ജുകള്‍ പോകുന്ന ദേശീയ ജലപാത മൂന്നിന്റെ സമീപമാണ് വഞ്ചി മറിഞ്ഞത്. ഇവിടം മുതല്‍ നിലയില്ലാ ഭാഗമാണ്. മുങ്ങിത്താഴാതെ നീന്തിയ പ്രവീണിനെ നെട്ടൂര്‍ സ്വദേശി പടന്നയ്ക്കല്‍ പൗലോസ് എന്നയാളാണ് രക്ഷപെടുത്തിയത്. പനങ്ങാട് പോലീസും ഫോര്‍ട്ട് കൊച്ചി ,ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷന്‍ സ്‌കൂബാ ഡൈവിങ് സംഘവും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. ആഷ്‌നയുടെ മൃതദേഹമാണ് സ്‌കൂബാ ഡൈവിങ് സംഘം ആദ്യം മുങ്ങിയെടുത്തത്. ഒന്നരമണിക്കൂറിനുള്ളില്‍ തന്നെ എല്ലാ മൃതദേഹങ്ങളും കിട്ടി. എന്നാല്‍ മറിഞ്ഞ വള്ളം കിട്ടിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പെരുമ്ബാവൂര്‍ നാഷനല്‍ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ് ആഷ്‌ന. ആദില്‍ തൃപ്പൂണിത്തുറ ഗവ.എച്ചഎസില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് എബിന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!