ഫുട്ബാള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാങ്തെയും മനീഷയും മികച്ച താരങ്ങള്‍

ബംഗളൂരു: 2022-23 വര്‍ഷത്തെ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അന്താരാഷ്ട്ര വിങ്ങര്‍ ലാലിയൻസുവാല ചാങ്‌തെയെ മികച്ച പുരുഷ താരമായും വിദേശ ക്ലബിന് വേണ്ടി കളിക്കുന്ന ഗോകുലം കേരള എഫ്.സി മുൻ സ്ട്രൈക്കര്‍ മനീഷ കല്യാണിനെ വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു.
ക്ലിഫോര്‍ഡ് മിറാൻഡയാണ് മികച്ച പുരുഷ പരിശീലകൻ. പരിശീലകക്കുള്ള അംഗീകാരം പി.വി. പ്രിയക്കും ലഭിച്ചു. എമര്‍ജിങ് താരങ്ങളായി മുംബൈ സിറ്റി എഫ്.സി ഡിഫൻഡര്‍ ആകാശ് മിശ്രയും ഇന്ത്യൻ അണ്ടര്‍ 17 വനിത ടീം അംഗം ഷില്‍ജി ഷാജിയും തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ ബൈചുങ് ബൂട്ടിയ, ഷബീര്‍ അലി, ഐ.എം. വിജയൻ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.
കഴിഞ്ഞ സീസണില്‍ 12 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മിസോറംകാരനായ ചാങ്തെ, രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി. മുംബൈ സിറ്റി എഫ്.സിക്ക് ഐ.എസ്.എല്‍ വിന്നേഴ്‌സ് ഷീല്‍ഡ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം ഡ്യൂറൻഡ് കപ്പിലും സൂപ്പര്‍ കപ്പിലുമടക്കം ആകെ 22 മത്സരങ്ങളില്‍ 10 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. നന്ദകുമാര്‍ ശേഖര്‍, നവോരേം മഹേഷ് സിങ് എന്നിവരെ പിന്തള്ളിയാണ് ചാങ്തെ പുരസ്‌കാരം
നേടിയത്. സൈപ്രസ് ഒന്നാം ഡിവിഷൻ ക്ലബായ അപ്പോളോണ്‍ ലേഡീസിന്റെ താരമാണ് 21 കാരിയായ മനീഷ.
ഡാലിമ ചിബ്ബര്‍, നഗാങ്ബാം സ്വീറ്റി ദേവി എന്നിവരെ പിന്തള്ളിയാണ് പുരസ്കാരം നേടിയത്. 2020-21 വനിതാ എമര്‍ജിങ് ഫുട്ബാളര്‍ ഓഫ് ദ ഇയറായിരുന്നു. ഒഡിഷ എഫ്.സിയെ സൂപ്പര്‍ കപ്പ് വിജയത്തിലേക്കും എ.എഫ്.സി കപ്പ് യോഗ്യതയിലേക്കും നയിച്ചതാണ് മുൻ ഇന്ത്യൻ താരം കൂടിയായ ക്ലിഫോര്‍ഡ് മിറാൻഡയെ പുരസ്കാരത്തിലേക്ക് നയിച്ചത്.
കേരളത്തിന് പെണ്‍തിളക്കം
എ.ഐ.എഫ്.എഫ് പുരസ്കാരപ്പട്ടികയില്‍ മിന്നിത്തിളങ്ങി കേരളവും. മലയാളികളായ ഷില്‍ജി ഷാജി വനിത എമര്‍ജിങ് താരമായും പി.വി. പ്രിയ മികച്ച പരിശീലകയായും തെരഞ്ഞെടുക്കപ്പെട്ടു. ഗോകുലം കേരള എഫ്.സിയുടെ സ്ട്രൈക്കറായ ഷില്‍ജി, ഇന്ത്യ റണ്ണറപ്പായ അണ്ടര്‍ 17 സാഫ് കപ്പില്‍ എട്ട് ഗോളുമായി ടോപ് സ്കോററായി.
ഇന്ത്യക്ക് വേണ്ടി ആറ് മത്സരങ്ങളില്‍ 16 ഗോള്‍ നേടി. കോഴിക്കോട് കക്കയം ഷാജി ജോസഫ്-എല്‍സി ദമ്ബതികളുടെ മകളാണ്. അണ്ടര്‍ 17 വനിത ടീം പരിശീലകയാണ് പ്രിയ. ദീര്‍ഘകാലം കേരളത്തിന് വേണ്ടി പന്തുതട്ടിയ ഇവര്‍, പിന്നീട് പരിശീലന രംഗത്തേക്ക് തിരിഞ്ഞു. ഇന്ത്യൻ വനിത ലീഗില്‍ ഗോകുലം കേരള എഫ്.സി പ്രഥമ കിരീടം നേടിയത് കണ്ണൂര്‍ മാടായി സ്വദേശിനിയായ പ്രിയക്ക് കീഴിലായിരുന്നു.
സാഫ് കപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചതാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അണ്ടര്‍ 14 വനിത ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ വനിത സീനിയര്‍ ടീം സഹപരിശീലകയുമാണ് പ്രിയ.

