KSDLIVENEWS

Real news for everyone

കാലവർഷം കനക്കുന്നു, സ്ഥിതി ഗതികൾ പ്രവചനാതീതമാണെന്നും, ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതി പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ ഔദ്യോഗിക മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണണം. നിലവില്‍ മഴയില്ലെങ്കിലും മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍…
മഴ കനക്കുകയാണ്. കേന്ദ്രവകുപ്പ് അതിതീവ്രമഴ പ്രവചിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ വരുന്ന നാല് ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്.
ഇതോടൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിച്ചു. റെഡ് അലര്‍ട്ട് ഉള്ള ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ഉള്ളവരെ മാറ്റും. നീലഗിരി കുന്നുകളില്‍ അതിതീവ്രമഴ പെയ്താല്‍ വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ അപകടസാധ്യത കൂട്ടും. ഇടുക്കിയില്‍ മഴ പെയ്താല്‍ അത് എറണാകുളത്തെയും ബാധിക്കും. പ്രവചനാതീതമായ സ്ഥിതിയാണ്. മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണണം. നിലവില്‍ മഴയില്ലെങ്കില്‍ മുന്നറിയിപ്പ് അവഗണിക്കരുത്. പ്രധാനഅണക്കെട്ടുകളില്‍ ജലനിരപ്പ് കാര്യമായി കൂടിയിട്ടില്ല.
വൈദ്യുതിവകുപ്പിന്‍റെ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കുവിടുന്നുണ്ട്. ജലവകുപ്പിന്‍റെ അണക്കെട്ടുകളിലും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. മണിമലയാറില്‍ മാത്രമാണ് വെള്ളം വാണിംഗ് ലെവലിന് തൊട്ടടുത്തുള്ളത്. എങ്കിലും ജലനിരപ്പ് പെട്ടെന്ന് കൂടിയേക്കാം. കനത്ത മഴയും കാറ്റും വന്നാല്‍ മരങ്ങള്‍ കടപുഴകിയേക്കാം. ക്യാമ്ബുകളിലേക്ക് മാറേണ്ടി വന്നാല്‍ സാമൂഹിക അകലം പാലിക്കും. ക്വാറന്‍റീനിലുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് മൂലം കൂടുതല്‍ അപകടസാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാകും ക്യാമ്ബുകള്‍. നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കാഴ്ച കാണാനും പോകരുത്. കൂട്ടം കൂടി നില്‍ക്കുകയും പാടില്ല. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!