പിഴ അടയ്ക്കാതെ പറ്റിക്കാന്‍ നോക്കണ്ട; പിഴ മുടക്കിയാല്‍ ഇന്‍ഷുറന്‍സില്‍ പിടിക്കാന്‍ സര്‍ക്കാര്‍

എ.ഐ. ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാത്തവര്‍ക്ക് ‘ഇന്‍ഷുറന്‍സ് പൂട്ടി’ടാന്‍ സര്‍ക്കാര്‍. ഇത്തരം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയാന്‍ തീരുമാനം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിനൊപ്പമാകും ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് തടയുക. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയശേഷം 25 കോടിരൂപയാണ് ചുമത്തിയ പിഴ. ഇതില്‍ 3.37 കോടിരൂപമാത്രമാണ് അടച്ചത്. പിടിച്ചത് 32.42 ലക്ഷം നിയമലംഘനങ്ങള്‍ എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ നോട്ടീസയച്ചു. ക്യാമറസ്ഥാപിച്ചശേഷം വാഹനാപകടങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു. 2022 ജൂലായില്‍ 3316 അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3992 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നാല്‍, ഇക്കഴിഞ്ഞ ജൂലായില്‍ 1201 റോഡപകടങ്ങളാണ് ഉണ്ടായത്. മരിച്ചത് 67 പേര്‍. 1329 പേര്‍ക്കാണ് പരിക്കേറ്റത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി കേരളത്തിലെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജൂണ്‍ അഞ്ചാം തീയതി മുതലാണ് ഇതില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. പിഴ ഈടാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമലംഘനങ്ങളില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഹെല്‍മെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

