മെഹ്ബൂബ മുഫ്തിയും മുതിർന്ന നേതാക്കളും വീട്ടുതടങ്കലിൽ

ശ്രീനഗർ: അനുച്ഛേദം 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തിനു മുന്നോടിയായി തന്നെയും മുതിർന്ന നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതായി കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. കശ്മീർ ശാന്തമായെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് തെളിഞ്ഞതായും മെഹ്ബൂബ എക്സ് പ്ലാറ്റ്ഫോമിൽ (മുൻപ് ട്വിറ്റർ) കുറിച്ചു. പ്രവർത്തകരെ നിയമവിരുദ്ധമായി പൊലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് വീട്ടുതടങ്കലിലേക്കു മാറ്റിയതെന്നും മുഫ്തി പറഞ്ഞു. പിഡിപി ഇന്ന് നടത്താനിരുന്ന സെമിനാറിന് ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നേതാക്കളെ തടവിലാക്കിയത്. അടഞ്ഞുകിടക്കുന്ന ഗേറ്റിന്റെ ചിത്രങ്ങളും മുഫ്തി പങ്കുവച്ചു. പൊലീസ് ഓഫിസ് സീൽവച്ച് പൂട്ടിയതായി നാഷനൽ കോൺഫറൻസും വ്യക്തമാക്കി. അതേസമയം, 370ാം അനുച്ഛേദനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജികളിൽ ഓഗസ്റ്റ് 8 മുതൽ സുപ്രീം കോടതി വാദം കേൾക്കല്‍ തുടരും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് 5നാണ് അനുച്ഛേദം 370 റദ്ദാക്കി കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്

