ആവേശം അവസാന ഓവര്‍ വരെ; ഹെറ്റ്മയറുടെ മികവില്‍ ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി ഒന്നാമത്

ദുബായ്: ഐ.പി.എല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് മൂന്നു വിക്കറ്റിന്റെ ജയം. ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ രണ്ടു പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഡൽഹിയുടെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. ജയത്തോടെ പോയന്റ് പട്ടികയിൽ ചെന്നൈയെ മറികടന്ന് ഡൽഹി ഒന്നാമതെത്തി.
ഒരു ഘട്ടത്തിൽ ആറിന് 99 റൺസെന്ന നിലയിൽ തകർന്ന ഡൽഹിയെ അവസാന ഓവറുകളിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറാണ് വിജയത്തിലെത്തിച്ചത്. 18 പന്തുകൾ നേരിട്ട ഹെറ്റ്മയർ 28 റൺസോടെ പുറത്താകാതെ നിന്നു.
35 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് സ്കോർ 24-ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ പൃഥ്വി ഷായെ നഷ്ടമായി. 12 പന്തിൽ നിന്ന് 18 റൺസെടുത്ത ഷായെ ദീപക് ചാഹറാണ് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി ശ്രേയസ് അയ്യർക്ക് ഇത്തവണ തിളങ്ങാനായില്ല. വെറും രണ്ട് റൺസെടുത്ത ശ്രേയസ് ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ആറാം ഓവറിൽ പുറത്തായി.
തുടർന്നെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തിനും അധിക സമയം പിടിച്ചുനിൽക്കാനായില്ല. 12 പന്തിൽ നിന്നും 15 റൺസെടുത്ത പന്തിനെ രവീന്ദ്ര ജഡേജ മോയിൻ അലിയുടെ കൈയിലെത്തിച്ചു.
അരങ്ങേറ്റ മത്സരം കളിക്കുന്ന റിപാൽ പട്ടേലിന്റെ ഊഴമായിരുന്നു അടുത്തത്. ശ്രദ്ധയോടെ ബാറ്റ് വീശിയ താരം 20 പന്തിൽ നിന്ന് 18 റൺസോടെ പുറത്തായി. പിന്നാലെ ആർ. അശ്വിനെ (2) ഷാർദുൽ താക്കൂർ പുറത്താക്കി.
എന്നാൽ അപ്പോഴും ധവാൻ ക്രീസിലുണ്ടയിരുന്നതായിരുന്നു ഡൽഹിക്ക് ആശ്വാസം. പക്ഷേ 15-ാം ഓവറിലെ അവസാന പന്തിൽ ധവാനെ മടക്കി ഷാർദുൽ താക്കൂർ ഡൽഹിയെ ഞെട്ടിച്ചു.
പിന്നാലെ ഷിംറോൺ ഹെറ്റ്മയർ ഡൽഹി ഇന്നിങ്സിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ 17-ാം ഓവറിലെ മൂന്നാം പന്തിൽ ഹെറ്റ്മയറുടെ അനായാസ ക്യാച്ച് പകരക്കാരനായി കളത്തിലിറങ്ങിയ ചെന്നൈയുടെ കൃഷ്ണപ്പ ഗൗതം നഷ്ടപ്പെടുത്തി. ഈ പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 19-ാം ഓവറിൽ തകർത്തടിച്ച ഹെറ്റ്മയർ മത്സരം ഡൽഹിക്ക് അനുകൂലമാക്കി.
അവസാന ഓവറിൽ ജയിക്കാൻ ആറു റൺസായിരുന്നു ഡൽഹിക്ക് വേണ്ടിയിരുന്നത്. മൂന്നാം പന്തിൽ അക്സർ പട്ടേൽ പുറത്തായെങ്കിലും തുടർന്നെത്തിയ കഗിസോ റബാദ ഒരു ബൗണ്ടറിയോടെ ഡൽഹിയുടെ വിജയറൺ കുറിച്ചു.
ചെന്നൈക്കായി ഷാർദുൽ താക്കൂർ നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജഡേജയും രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളൂ.
43 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ.
അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച റായുഡു – ധോനി സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്നെടുത്ത 70 റൺസായിരുന്നു ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.
സ്കോർ ചെയ്യാൻ ബുദ്ധിമുട്ടിയ ധോനി 27 പന്തുകൾ നേരിട്ട് 18 റൺസെടുത്തു. ഒരു ബൗണ്ടറി പോലും ഇല്ലാതെയായിരുന്നു ധോനിയുടെ ഇന്നിങ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്കോർ 28-ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. 10 റൺസെടുത്ത താരത്തെ അക്സർ പട്ടേലാണ് പുറത്താക്കിയത്. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഋതുരാജ് ഗെയ്ക്വാദിനെ ആൻ റിച്ച് നോർക്യ മടക്കി. 13 റൺസ് മാത്രമായിരുന്നു ഋതുരാജിന്റെ സമ്പാദ്യം. പിന്നാലെ അഞ്ചു റൺസുമായി മോയിൻ അലിയും മടങ്ങി.
റെയ്നയ്ക്ക് പകരം അവസരം ലഭിച്ച റോബിൻ ഉത്തപ്പ മികച്ച തുടക്കമിട്ടെങ്കിലും ഒമ്പതാം ഓവറിൽ താരത്തെ അശ്വിൻ മടക്കി. 19 പന്തിൽ 19 റൺസായിരുന്നു ഉത്തപ്പയുടെ സമ്പാദ്യം.
ഡൽഹിക്കായി അക്സർ പട്ടേൽ നാല് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

