ഉത്തരാഖണ്ഡ് ഹിമപാതം: പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണപ്പെട്ടവരില്‍ സവിത കാന്‍സ്വാളും

കാശി: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പര്‍വതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പര്‍വതാരോഹക സവിത കാന്‍സ്വാള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടുക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പര്‍വതാരോഹകരില്‍ ഒരാളായ സവിത കാന്‍സ്വാള്‍ അപകടത്തില്‍ മരിച്ചു എന്നാണ് ഏറ്റവും ഒടുവിലായി വരുന്ന വാര്‍ത്ത. ഉത്തരകാശി സ്വദേശിയായ സവിത കഴിഞ്ഞ ജൂലൈയില്‍ 16 ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി റെക്കോഡിട്ടിരുന്നു.
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സവിത. 34 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോയ 7 പരിശീലകരില് ഒരാളായി സവിതയും സംഘത്തിലുണ്ടായിരുന്നു. ഇതുവരെ അപകടത്തില്‍ 10 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 14 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ 8 പേരെ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് കൈക്കും കാലിനുമെല്ലാം പരിക്കേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍പ്പെട്ടവരുടെ പട്ടിക ഇന്ന് ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതില്‍ കൂടുതല്‍ പേര്‍ ഉത്തരാഖണ്ഡില്‍ നിന്നാണ് എട്ട് പേര്‍, പശ്ചിമബംഗാളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നും മൂന്ന്, ഹരിയാനയില്‍നിന്നും കര്‍ണാടകയില്‍നിന്നും രണ്ട്, ദില്ലി, തമിഴ്നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും ഒരാള്‍ വീതവും അപകടത്തില്‍ പെട്ടിട്ടുണ്ട്.
കര വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി എത്തി. കര – വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. പ്രധാനനമന്ത്രിയും രാഷ്ട്രപതിയും അപകടത്തില്‍ ദുഖം രേഖപ്പെടുത്തി.

