ഗുവാഹത്തിയില്‍ സ്‌പൈസ് ജെറ്റ് വിമാനം അപകടകരമായി ലാന്‍ഡ് ചെയ്തു; ഡിജിസിഎ അന്വേഷിക്കും

ഗുവാഹാത്തി : ബെംഗളൂരു – ഗുവാഹാട്ടി സ്പൈസ് ജെറ്റ് വിമാനം ഗുവാഹാട്ടി വിമാനത്താവളത്തിൽ അപകടകരമായി ലാൻഡ് ചെയ്തു. റൺവേയിൽ സാധാരണ ലാൻഡ് ചെയ്യുന്ന മേഖലയിൽ നിന്ന് 1000 മീറ്ററോളം മാറി വിമാനം ഇറങ്ങിയതിനെ തുടർന്ന് റൺവേയിലെ ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരുമടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് പൈലറ്റിന് ഉയരത്തിനെക്കുറിച്ചുള്ള ധാരണ നഷ്ടമായതാണ് കൃത്യമായ ലാൻഡിങ്ങിന് തടസമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ സംഭവത്തെക്കുറിച്ച് സ്പൈസ് ജെറ്റ് പ്രതികരിച്ചിട്ടില്ല. വിമാനം പിന്നീട് സുരക്ഷിതമായി പാർക്കിംഗ് ബേയിലേക്ക് മാറ്റി. പരിശോധനയിൽ പ്രധാന ലാൻഡിംഗ് ഗിയറിലെ ടയറുകളിൽ കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്.

