KSDLIVENEWS

Real news for everyone

ഗോവയിൽ 3 മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക്; വിമാനയാത്ര മുടങ്ങി

SHARE THIS ON

പനജി ∙ വാഹനാപകടത്തെത്തുടർന്ന് ഗോവയിൽ വൻ ഗതാഗതക്കുരുക്ക്. തലസ്ഥാനമായ പനജിയെയും തെക്കൻ ഗോവയെയും ബന്ധിപ്പിക്കുന്ന, സുവാരി നദിക്കു കുറുകെയുള്ള പാലത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു വാഹനാപകടം. 3 മണിക്കൂറിലേറെ ഗതാഗതക്കുരുക്ക് നീണ്ടു.

പനജിയിൽനിന്ന് 15 കിലോമീറ്റർ ദൂരെ സുവാരിപാലത്തിൽ എസ്‍യുവിയും ടെംപോയുമാണു കൂട്ടിയിടിച്ചത്. വാഹനങ്ങൾ റോഡിൽ കുടുങ്ങിയതോടെ നിരവധിപേരുടെ ജീവിതം പ്രയാസത്തിലായി. ഡബോലിം വിമാനത്താവളത്തിൽനിന്നു പോകാനിറങ്ങിയ കുറെപ്പേരുടെ വിമാനയാത്ര തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. പലർക്കും ഓഫിസുകളിൽ കൃത്യസമയത്ത് എത്താനുമായില്ല.


അപകടത്തിൽപ്പെട്ട വാഹനങ്ങൾ 45 മിനിറ്റിനുശേഷം എടുത്തുമാറ്റി. അപ്പോഴേക്കും ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. യാത്ര തുടരാനാകാതെ പലരും വീടുകളിലേക്കു മടങ്ങി. അതേസമയം, ഗതാഗതക്കുരുക്ക് കാരണം വിമാനം കിട്ടിയില്ലെന്ന് ഔദ്യോഗികമായി ആരുടെയും പരാതി കിട്ടിയില്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!