സമസ്ത അനുയായികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്

മലപ്പുറം: സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്. സമസ്തക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. സമസ്തയുടെ പരാതിയില്‍ ഹക്കീം ഫൈസി ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. വ്യാജപ്രചാരണങ്ങളിലൂടെ സമസ്ത അനുയായികള്‍ക്കിടയില്‍ കലാപത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
സോഷ്യല്‍ മീഡിയയില്‍ ഉമ്മര്‍കോയ എന്ന പ്രൊഫൈലില്‍ എഴുതുന്ന ആളാണ് കേസില്‍ ഒന്നാം പ്രതി. 16.07.2022 മുതല്‍ ഒന്നാം പ്രതി സമസ്തയുടെ ഔദ്യോഗിക പതാകയും മുന്‍ ജനറല്‍ സെക്രട്ടറിയുടെ ചിത്രവും ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ സംഘടനയെയും നേതാക്കളെയും പണ്ഡിതന്‍മാരെയും പറ്റി സമസ്തയുടെ പേരില്‍ തെറ്റായതും വ്യാജമായതുമായ വാര്‍ത്തകള്‍ നല്‍കുകയും രണ്ടാം പ്രതിയായ ഹക്കീം ഫൈസി അതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മൂന്ന് മുതല്‍ 12 വരെയുള്ള പ്രതികള്‍ ഒന്നാം പ്രതിയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയര്‍ ചെയ്തും അനുയായികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ഐആറില്‍ പറയുന്നു.