പി.വി. അൻവർ പിടികിട്ടാപ്പുള്ളിയല്ല, അറസ്റ്റിന് അമിതവ്യഗ്രത-കെ സുധാകരൻ, ഭരണകൂടഭീകരതയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിന്റെപേരിൽ പി.വി. അൻവറിന്റെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റുചെയ്യേണ്ട രാഷ്ട്രീയസാഹചര്യം എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ.
പൊതുപ്രവർത്തകനും എം.എൽ.എ.യുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പോലീസ് അമിതവ്യഗ്രത കാണിച്ചു. സി.പി.എം. സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ പോലീസ് മടികാണിച്ചു. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാർഥത അൻവറിനെ അറസ്റ്റുചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.
അറസ്റ്റ് ഭരണകൂടഭീകരത -രമേശ് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അൻവറിനെ രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല.
അദ്ദേഹം ഒരു എം.എൽ.എ. ആണ്. അദ്ദേഹത്തിന്റെ വീടുവളഞ്ഞ് രാത്രിയിൽ അറസ്റ്റുചെയ്യേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ല. അദ്ദേഹം എങ്ങോട്ടും ഒളിക്കാൻ പോകുന്നില്ല. പൊതുമുതൽ നശിപ്പിച്ചുവെന്ന കേസ് രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്യാൻ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്നമല്ല. ഇത് മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയപ്രശ്നങ്ങളുടെ തുടർച്ചയായി സർക്കാർ ഭരണകൂടഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ് -ചെന്നിത്തല പ്രതികരിച്ചു.

