KSDLIVENEWS

Real news for everyone

പൊടി കൊണ്ടു വലഞ്ഞു; സംസ്ഥാന പാത ഉപരോധിക്കാൻ നാട്ടുകാർ

SHARE THIS ON

രാജപുരം ∙ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാത വികസനം വേഗത്തിലാക്കണമെന്ന എംഎൽഎയുടെ നിർദേശത്തിനും പുല്ലു വില. റോഡ് നവീകരണത്തിൽ കരാറുകാരന്റെ അനാസ്ഥ തുടർന്നതോടെ പൊടി കൊണ്ടു മടുത്ത ജനങ്ങൾ പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി 11ന്  രാവിലെ 10ന് വ്യാപാരികൾ, ആധാരമെഴുത്തുകാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നാട്ടുകാർ സംസ്ഥാന പാത ഉപരോധിക്കും. പൂടംകല്ലിൽ നിന്നും രാജപുരത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തിയ ശേഷമായിരിക്കും ഉപരോധം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും.   സംസ്ഥാന പാതയില്‍ നവീകരണ പ്രവൃത്തികൾ മന്ദഗതിയിൽ ആയതിനെ തുടർന്ന് പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്തെ ആദ്യഘട്ട ടാറിങ്‍ ഏപ്രിൽ10നകം പൂർത്തിയാക്കണമെന്ന് കരാറുകാരനോടും കെആർഎഫ്ബി ഉദ്യോഗസ്ഥരോടും കള്ളാർ പ‍ഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം നൽകിയതല്ലാതെ പ്രവൃത്തി ഒരു പടി പോലും മുന്നോട്ട് പോയില്ല. റോഡിലെ പൊടി നിയന്ത്രിക്കാൻ ആവശ്യത്തിന് വെള്ളം ഒഴിക്കും എന്ന ഉറപ്പും പാലിക്കുന്നില്ല. ഏപ്രിൽ 10നകം കള്ളാർ വരെ ടാറിങ് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെയാണ് മലയോര ജനത ജനകീയ സമരത്തിന് തയാറെടുക്കുന്നത്. മഴ തുടങ്ങിയാൽ നവീകരണത്തിനായി കിളച്ചിട്ട റോഡിൽ കൂടിയുള്ള ഗതാഗതം തന്നെ അവതാളത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!