KSDLIVENEWS

Real news for everyone

പേർഷ്യയിലെ ബുഷെഹർ ആണവനിലയം ആക്രമിക്കപ്പെട്ടാൽ; പ്രത്യാഘാതം അതീവ ഗുരുതരം, ചെർണോബിലും ഫുകുഷിമയും മുന്നിലുണ്ട്

SHARE THIS ON

പേർഷ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ബുഷെഹർ പ്ലാന്റ് മധ്യപൂർവ്വേഷ്യയിലെ ആദ്യത്തെ സിവിൽ ആണവനിലയമാണ്. 1975‌ൽ ജർമ്മൻ കമ്പനികളുടെ സഹായത്തോടെ ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് പദ്ധതി തടസ്സപ്പെട്ടു.

പിന്നീട് റഷ്യയുടെ സഹായത്തോടെയാണ് പ്ലാന്റ് പൂർത്തിയാക്കിയത്. 2011ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ഏകദേശം 1,000 മെഗാവാട്ട് വൈദ്യുതി ഇത് ഇറാന്റെ ദേശീയ ഗ്രിഡിലേക്ക് നൽകുന്നുണ്ട്. രണ്ട് യൂണിറ്റുകൾ കൂടി നിർമ്മാണത്തിലാണ്.

എന്തുകൊണ്ട് ബുഷെഹർ അപകടകരമാകുന്നു?

സാധാരണ യുദ്ധങ്ങളിൽ കെട്ടിടങ്ങൾ തകരുന്നത് പോലെ ലളിതമല്ല ഒരു ആണവനിലയം തകരുന്നത്. അവിടെ സംഭവിക്കുന്ന ഒരു ചെറിയ പിഴവ് പോലും പ്രകൃതിയുടെ താളം തെറ്റിക്കും:

മിസൈൽ ആക്രമണത്തിൽ പ്ലാന്റിലെ റിയാക്ടറിനോ, ഉപയോഗിച്ച ഇന്ധനം സൂക്ഷിക്കുന്ന പൂളുകൾക്കോ തകരാർ സംഭവിച്ചാൽ ‘റേഡിയോ ആക്ടീവ്’ പദാർത്ഥങ്ങൾ പുറത്തുവരും. ഇവ ജീവന് ഭീഷണിയാണ്.

ബുഷെഹർ കടൽതീരത്തായതുകൊണ്ട് തന്നെ, റേഡിയേഷൻ കാറ്റിലൂടെഅതിവേഗം പടരാം. കടൽവെള്ളം മലിനമായാൽ ഈ മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ‘ഡിസലൈനേഷൻ പ്ലാന്റുകളെ’ (കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾ) അത് എന്നെന്നേക്കുമായി നശിപ്പിക്കും.

ചെർണോബിലിൽ നിന്ന് വ്യത്യസ്തമായി, ബുഷെഹറിൽ ഉപയോഗിക്കുന്നത് റഷ്യൻ നിർമ്മിത VVER-1000 റിയാക്ടറുകളാണ്. ഇതിന് ആധുനിക സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും, വൻകിട ബങ്കർ ബസ്റ്റർ മിസൈലുകളെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയില്ല.

ചെർണോബിലിനെയും ഫുകുഷിമയെയും മറന്നുകൂടാ.

ചെർണോബിൽ: അന്ന് പടർന്ന റേഡിയേഷൻ ഇന്നും ആ പ്രദേശത്തെ മനുഷ്യവാസമില്ലാത്ത ഇടമാക്കി മാറ്റിയിരിക്കുകയാണ്.

ഫുകുഷിമ: പ്രകൃതിക്ഷോഭമാണ് അവിടെ വില്ലനായതെങ്കിൽ, ഇവിടെ മനുഷ്യൻ ബോധപൂർവ്വം നടത്തുന്ന ആക്രമണങ്ങളാണ് ഭീഷണി. യുദ്ധത്തിനിടയിൽ ഒരു ആണവ ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമായിരിക്കും.

മത്സ്യസമ്പത്ത് നശിക്കുന്നത് മുതൽ കാൻസർ പോലുള്ള രോഗങ്ങൾ പടരുന്നത് വരെ ഇതിന്റെ ഭാഗമായുണ്ടാകാം.മിസൈലുകൾക്ക് അത് തകർക്കുന്നത് ഒരു സൈനിക താവളത്തെയാണോ അതോ ലോകത്തിന്റെ നാശത്തിന് കാരണമാകുന്ന ഒരു ആണവനിലയത്തെയാണോ എന്ന് തിരിച്ചറിയാനുള്ള ബുദ്ധിയില്ല. ബുഷെഹറിന് നേരെയുള്ള ഓരോ ആക്രമണവും വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പാണ്.

error: Content is protected !!