KSDLIVENEWS

Real news for everyone

കോവിഡ് നെഗറ്റീവ് ആയവരിലും 90 ശതമാനം പേർക്കും ശ്വാസകോശ രോഗങ്ങള്‍ അലട്ടുന്നു: കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്

SHARE THIS ON

വുഹാന്‍ സിറ്റി: ലോകരാജ്യങ്ങളെ ഭീതീയിലാഴ്ത്തി കൊവിഡ് 19 എന്ന മഹാമാരി വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. അതേസമയം വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. കോവിഡ് മുക്തി നേടിയവരില്‍ 90 ശതമാനം പേരെയും ശ്വാസകോശ രോഗങ്ങള്‍ അലട്ടുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ അഞ്ച് ശതമാനം പേര്‍ വീണ്ടും കോവിഡ് പോസിറ്റീവ് ഫലം കാണിച്ചതിനെ തുടര്‍ന്ന് ക്വാറന്‍റീനില്‍ കഴിയുകയാണെന്നും ചൈനീസ് മാധ്യമം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗമുക്തി നേടിയ 100 പേരില്‍ നടത്തിയ പഠനത്തിലാണ് ആശങ്കയുയര്‍ത്തുന്ന കണ്ടെത്തലുകള്‍. വുഹാന്‍ യൂനിവേഴ്സിറ്റിക്ക് കീഴിലെ യോങ്നാന്‍ ആശുപത്രി ഡയറക്ടര്‍ സെങ് സിയോങ്ങിന്‍റെ നേതൃത്വത്തില്‍ കോവിഡ് മുക്തരായവരെ സന്ദര്‍ശിച്ച്‌ ആരോഗ്യസ്ഥിതി വിലയിരുത്തി വരുന്നുണ്ട്. ആദ്യഘട്ട പഠനത്തില്‍ ഇവര്‍ നിരീക്ഷിച്ചവരില്‍ 90 ശതമാനം കോവിഡ് മുക്തര്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.

രോഗമുക്തി നേടിയവരെ ആറ് മിനിറ്റ് നടത്തുകയായിരുന്നു പരിശോധനയുടെ ആദ്യഘട്ടം. ആറ് മിനിറ്റില്‍ ആരോഗ്യമുള്ള ഒരാള്‍ക്ക് 500 മീറ്റര്‍ നടക്കാന്‍ കഴിയുമ്ബോള്‍ ഇവര്‍ക്ക് 400 മീറ്റര്‍ മാത്രമേ നടക്കാന്‍ സാധിച്ചുള്ളുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. വിദഗ്ദ സംഘം നിരീക്ഷിച്ച രോഗം ഭേദമായ 90 ശതമാനം പേര്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇവരുടെ ശ്വാസകോശം പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് ഇത്ര മാസങ്ങളായിട്ടും എത്തിയിട്ടില്ല. ശ്വാസകോശ വായുസഞ്ചാരവും ശ്വസനവായു കൈമാറ്റവും കൃത്യമായി നടക്കുന്നില്ലെന്നും പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലുണ്ട്.

രോഗമുക്തരില്‍ ചിലര്‍ക്ക് ആശുപത്രി വിട്ട ശേഷം മൂന്ന് മാസം വരെ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് ഡോ. ലിയാങ് ടെന്‍സിയാവോയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. 65 വയസിന് മുകളിലുള്ള കോവിഡ് മുക്തരെയാണ് ഇദ്ദേഹം നിരീക്ഷിക്കുന്നത്. 100 കോവിഡ് മുക്തരില്‍ 10 പേരിലും കൊറോണ വൈറസിനെതിരെ ശരീരം ഉല്‍പ്പാദിപ്പിച്ച ആന്‍റിബോഡി അപ്രത്യക്ഷമായിട്ടുണ്ട്. ഇവരില്‍ അഞ്ചുപേര്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍ ടെസ്റ്റില്‍ പോസിറ്റീവ് കാണിച്ചതിനെ തുടര്‍ന്ന് ക്വാറന്‍റീനിലാണ്. ഇവരില്‍ വൈറസ് തിരികെയെത്തിയതായാണ് കണക്കാക്കുന്നത്. രോഗമുക്തി നേടിയെങ്കിലും ഇവരുടെ രോഗപ്രതിരോധ ശേഷി പഴയനില കൈവരിച്ചിട്ടില്ലെന്ന് ഡോ. ലിയാങ് ചൂണ്ടിക്കാട്ടുന്നു.

ചിലരില്‍ വിഷാദവും നിരാശയും കാണപ്പെടുന്നുണ്ട്. പലരും വീടുകളില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതായും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവര്‍ വിമുഖത കാട്ടുന്നതായും മെഡിക്കല്‍ സംഘത്തോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!