റേഷൻകടയിൽ പോകാൻ വരെ ആർടിപിസിആർ; കർണാടകയുടെ നിയന്ത്രണങ്ങളിൽ വലഞ്ഞ് അതിർത്തി ഗ്രാമങ്ങൾ

കാസർകോട് ∙ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിലുള്ള കർണാടകയുടെ നിയന്ത്രണങ്ങളിൽ വലഞ്ഞു കാസർകോട്ടെ അതിർത്തി ഗ്രാമങ്ങൾ. വാക്സീൻ എടുക്കാൻ മുതൽ റേഷൻകടയിൽ പോകാൻ വരെ ഇവർ ആർടിപിസിആർ പരിശോധന നടത്തണം. ചില ഗ്രാമങ്ങൾക്കു കേരളത്തിലെ ടൗണുകളുമായി ബന്ധപ്പെടണമെങ്കിൽ കർണാടകയുടെ റോഡിലൂടെ പ്രവേശിക്കണം. മറ്റു ചില ഗ്രാമങ്ങളാവട്ടെ എല്ലാ ആവശ്യങ്ങൾക്കും ബന്ധപ്പെട്ടിരുന്നത് അതിർത്തിക്കപ്പുറത്തുള്ള കർണാടകയിലെ ടൗണുകളെയാണ്. നിയന്ത്രണം കാരണം അവിടേക്കു പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയായി. മൂവായിരത്തിലേറെ ആളുകളുള്ള എൻമകജെ പഞ്ചായത്തിന്റെ സായ, ചവർക്കാട് എന്നീ 2 വാർഡുകളിലേക്കു പോകാൻ ഇവിടെയുള്ളവർ ചെക്പോസ്റ്റ് കടക്കണം. ചെറുക്കള–കല്ലടുക്ക സംസ്ഥാനാന്തരപാതയിലെ സാറടുക്കയിലുള്ള ഈ ചെക്പോസ്റ്റും റോഡും കർണാടകയുടേതാണ്. സായയിലേക്കും ചവർക്കാടേക്കും എത്താനുള്ള ഏകമാർഗം ഈ സംസ്ഥാനാന്തരപാത തന്നെ. ഫലത്തിൽ കർണാടകയുടെ നിയന്ത്രണങ്ങൾ കേരളത്തിലെ സ്ഥലങ്ങളിലും ബാധകമാകുന്നു. ഈ 2 വാർഡുകളിലുള്ളവർക്കു സ്വന്തം പഞ്ചായത്ത് ഓഫിസിൽ പോകാനും റേഷൻ വാങ്ങാനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. പരിശോധനാ സർട്ടിഫിക്കറ്റില്ലാതെ കർണാടക പൊലീസ് അതിർത്തി കടത്തില്ല. വാക്സീനെടുക്കുന്നതിനു വരാൻ പോലും ഇളവില്ല. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ സാറഡുക്ക ചെക്പോസ്റ്റിൽ തടഞ്ഞു. എൻമകജെ പഞ്ചായത്തിന്റെ മാത്രം പ്രശ്നമല്ലിത്. വലുതും ചെറുതുമായ 17 റോഡുകൾ അടച്ചതോടെ കേരളത്തിലെ ദേലംപാടി പഞ്ചായത്തിലെ 1, 2, 3, 16 വാർഡുകാർക്കു പുറത്തിറങ്ങാൻ പറ്റാതായി. വനത്തിലൂടെയുള്ള പാതയുള്ളതിനാൽ 1, 2, 16 വാർഡുകാർക്കു കിലോമീറ്ററുകൾ സഞ്ചരിച്ചാലെങ്കിലും പുറത്തു കടക്കാം. എന്നാൽ മൂന്നാം വാർഡുകാർക്കു പഞ്ചായത്ത് ഓഫിസിലോ വില്ലേജ് ഓഫിസിലോ എത്താൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇത് അതിർത്തിവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

