KSDLIVENEWS

Real news for everyone

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം പോയി; യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചു

SHARE THIS ON

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് എൽ.ഡി.എഫ് (സി.പി.എം) അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്.

ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരത്തെ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സമാനമായ രീതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിൽ കോൺഗ്രസിനാണ് ലഭച്ചത്.

ബി.ജെ.പി അംഗമായ പ്രസിഡന്റ് വി.വി. പ്രസാദാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്‌. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ സ്വജനപക്ഷപാതവും വികസന കാര്യങ്ങളിൽ ഇടപെടാത്തതുമാണ് അവിശ്വാസം കൊണ്ടുവരാൻ കാരണമായതെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു. പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ഒരേ കക്ഷിയിൽ നിന്നുള്ള പ്രസിഡന്റും വൈസ് പ്രസിഡന്റും വരുന്നത് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു മാസത്തിനകം തന്നെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന ആളിനെ എൽ.ഡി.എഫ് പിന്തുണയ്ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെ ഉണ്ടായില്ലെങ്കിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് വേണ്ടിവരും.

error: Content is protected !!