KSDLIVENEWS

Real news for everyone

അഭിമാനം, സന്തോഷം… ശൈഖ് മുഹമ്മദിന് കോവിഡ് വാക്‌സിന്‍ നല്‍കിയ മലയാളി നഴ്‌സ് പറയുന്നു

SHARE THIS ON

ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൊവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് നൽകിയത് മലയാളി നഴ്സ്.
കോട്ടയം സ്വദേശി ശോശാമ്മ മാത്യുവാണ് ശൈഖ് മുഹമ്മദിന് കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് എടുത്തത്. യു.എ.ഇ.യുടെ ഭരണാധികാരിക്ക് വാക്സിൻ നൽകാനായത് അഭിമാനത്തോടെ കാണുന്നെന്നും തന്നെ സംബന്ധിച്ച് അത് സ്വപ്നനിമിഷമായിരുന്നെന്നും ശോശാമ്മ മാത്യു പറഞ്ഞു.
1992 മുതൽ യു.എ.ഇയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ശോശാമ്മയുടെ വലിയ ആഗ്രഹമായിരുന്നു ശൈഖ് മുഹമ്മദിനെ ഒരിക്കലെങ്കിലും കാണണം എന്നത്.
ശോശാമ്മ ഭർത്താവിനും മകനുമൊപ്പം
ശോശാമ്മ അടക്കമുള്ള നാലംഗ മെഡിക്കൽ സംഘമാണ് ശൈഖ് മുഹമ്മദിന് കൊവിഡ് വാക്സിൻ നൽകാനായി പോയിരുന്നത്. കുത്തിവെപ്പിന് മുമ്പ് ശൈഖ് മുഹമ്മദ് ആരോഗ്യപ്രവർത്തകർ ചെയ്യുന്ന സേവനത്തിനെ അഭിനന്ദിച്ചുവെന്നും, സുഖമായിരിക്കുന്നോ എന്ന് ചോദിച്ചറിയുകയും ചെയ്തെന്ന് ശോശാമ്മ പറഞ്ഞു.
ഏറെ സന്തോഷം തോന്നിയതും ഭാഗ്യം ചെയ്തതുമായ നിമിഷമായാണ് എക്കാലവും ഇതോർക്കുകയെന്നും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ശോശാമ്മ കൂട്ടി ചേർത്തു. ഇന്ത്യാക്കാർക്ക് വിശേഷിച്ച് മലയാളികൾക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ നോക്കി കാണുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൊവിഡ് വാക്സിൻ നൽകണമെന്നതാണ് അടുത്ത ആഗ്രഹമെന്നും ശോശാമ്മ പറഞ്ഞു.
നേരത്തേ യു.എ.ഇ. ആരോഗ്യമന്ത്രിക്ക് വാക്സിൻ കുത്തിവെച്ചതും ശോശാമ്മയാണ്. ഭർത്താവ് അബ്രഹാം കുര്യാക്കോസും, മകൻ ജുബിനുമൊപ്പം ദുബായിലാണ് ഇവർ താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കകത്ത് ഇതുവരെ കയറിയിട്ടില്ല. അവിടെ വെച്ച് കൊവിഡ് 19 വാക്സിൻ നൽകണമെന്നത് വലിയ ആഗ്രഹമാണെന്നും മലയാളികളുടെ അഭിമാനമായി മാറിയ നഴ്സ് ശോശാമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!