KSDLIVENEWS

Real news for everyone

സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ വിരലിലെ മഷി മായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

SHARE THIS ON

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് നീളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. പോളിങ് സ്റ്റേഷനിൽ കൃത്യമായി ബ്രേക്ക് ദ ചെയിൻ സ്ഥാപിക്കും. സാനിറ്റൈസർ ഉപയോഗിക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്നതിനായി വിരലിൽ രേഖപ്പെടുത്തുന്ന മഷി മായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
സ്വതന്ത്ര സ്ഥാനാർഥികൾക്ക് റോസാപ്പൂ ചിഹ്നം നൽകുന്നതിനെതിരേ ബി.ജെ.പി. പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ ചിഹ്നം അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ‘പഞ്ചായത്ത് രാജ്, മുനിസിപ്പൽ രാജ് ആക്ട് പ്രകാരം മലയാള അക്ഷരമാല അടിസ്ഥാനത്തിൽ പേരുകൾ ക്രമപ്പെടുത്തുമ്പോൾ ഒരേ പേരുകാർ അടുത്തുവരും. അങ്ങനെ ചെയ്തപ്പോഴാണ് ബി.ജെ.പി സ്ഥാനാർഥിയുടെയും സ്വതന്ത്ര സ്ഥാനാർഥിയുടെ പേരും അടുത്തടുത്ത് വന്നത്. ആ സ്വതന്ത്രൻ റോസാപ്പൂ ചിഹ്നം ചോദിച്ചാൽ റിട്ടേണിങ് ഓഫീസർക്ക് അത് കൊടുക്കാതിരിക്കാനാവില്ല. 2015-ലും റോസാപ്പൂ സ്വതന്ത്ര ചിഹ്നമായി ഉണ്ടായിരുന്നു.’- തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
തിരഞ്ഞെടുപ്പിനായുളള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ഏഴാം തിയതി സാമഗ്രികൾ എല്ലാം വിതരണം ചെയ്യും. അതിന്റെ കൂടെ ഓഫീസർമാർക്ക് വേണ്ട മാസ്ക്, ഗ്ലൗസ്, ഫെയ്സ്ഷീൽഡ്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യും. പോളിങ് സ്റ്റേഷനുകളിൽ തലേന്ന് അണുനശീകരണം നടത്തും. പോളിങ് സ്റ്റേഷനിൽ മൂന്നുവോട്ടർമാത്രമേ ഒരു സമയം ഉണ്ടാകൂ. ഹാളിലേക്ക് കടക്കുന്നതിന് മുമ്പായി സാനിറ്റൈസർ ഉപയോഗിക്കണം. തിരിച്ച് പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. പോളിങ് ബൂത്തുകൾ അധികമുളളതിനാൽ പ്രതിസന്ധി ഉണ്ടാകില്ല. അതിനാൽ തന്നെ വലിയ ക്യൂ ഉണ്ടാകില്ല.
സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകളാണ് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഏറ്റവും കൂടുതൽ കണ്ണൂരാണ്.ഇവിടങ്ങളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനോട് എല്ലാ രാഷ്ട്രീയ പാർട്ടികളും നല്ല സഹകരണമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!