ഇസ്രായേല്‍ ആക്രമണം സ്വയംപ്രതിരോധമെന്ന് ന്യായീകരിക്കാനാവില്ല’; ഖത്തര്‍ അമീര്‍

ദോഹ: ഇസ്രായേല്‍ ആക്രമണം സ്വയംപ്രതിരോധമെന്ന് ന്യായീകരിക്കാനാവില്ലെന്ന് ഖത്തര്‍ അമീര്‍. ഫലസ്തീൻ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാതെ മേഖലയില്‍ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിസിസി ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഖത്തര്‍ അമീറിന്‍റെ പ്രതികരണം.
ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും നീചമായ കുറ്റകൃത്യങ്ങള്‍ തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ പ്രശ്നം മതപരമല്ലെന്നും അധിനിവേശ വിരുദ്ധ പോരാട്ടമാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
യുഎൻ ഉത്തരവാദിത്വം നിറവേറ്റണമെന്നും യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ക്കായി ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ജിസിസി നേതാക്കള്‍ക്കൊപ്പം തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ജിസിസി യോഗത്തില്‍ പങ്കെടുക്കുന്നു
അതിനിടെ ഗസ്സയില്‍ ഉടനീളം കരയാക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. യുദ്ധം ആളപായം സൃഷ്ടിക്കുമെന്നും ജബലിയ, ശുജാഇയ ഉള്‍പ്പെടെ എല്ലായിടങ്ങളിലും വിജയിക്കുകയാണ് പ്രധാനമെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഇന്ന് മാത്രം ഗസ്സയില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഒരു ഡെപ്യൂട്ടി കമ്ബനി കമാന്‍ററും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.അതേ സമയം ഗസ്സയില്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും നിലച്ചതായി ഫലസ്തീൻ ടെലി കമ്യൂണിക്കേഷൻ കമ്ബനി അറിയിച്ചു.