KSDLIVENEWS

Real news for everyone

തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു; സംഭവം കണ്ണൂരിൽ

SHARE THIS ON

പാനൂർ: കളിക്കുന്നതിനിടെ തെരുവ്നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പാനൂർ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടിൽ ഉസ്മാന്റെ മകൻ മുഹമ്മദ് ഫസൽ (ഒമ്പത്) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എൽ.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.

വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികൾ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റിൽ മുഹമ്മദ് ഫസൽ വീണത്.

കുട്ടികൾ പല വഴിക്ക് ഓടിയതിനാൽ അവർ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല. തുടർന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയതെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു.  മൂടാനിരുന്ന കിണറായതിനാൽ ആൾമറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!