പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിനെ മറികടന്നു; സെനഗലിന് കന്നി ആഫ്രിക്കന്‍ നേഷന്‍സ് കിരീടം

യാവോൺഡെ (കാമറൂൺ): സൂപ്പർ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും നേർക്കുനേർ വന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ അവസാന ചിരി മാനെയുടെ സെനഗഗലിന് സ്വന്തം. എട്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഈജിപ്തിന് നിരാശയോടെ മടക്കം.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഈജിപ്തിനെ 4-2ന് വീഴ്ത്തി സെനഗൽ തങ്ങളുടെ കന്നി ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഗോളടിക്കാൻ സാധിക്കാതിരുന്നതോടെയാണ് (0-0) മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയ മാനെ ഒടുവിൽ ഷൂട്ടൗട്ടിൽ പന്ത് വലയിലെത്തിച്ച് സെനഗലിനെ കിരീടത്തിലേക്ക് നയിച്ചു. ഏഴാം മിനിറ്റിൽ മാനെ എടുത്ത പെനാൽറ്റി കിക്ക് ഈജിപ്ത് ഗോൾകീപ്പർ മുഹമ്മദ് അബു ഗബാൽ തടുത്തിടുകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളിന്റെ മുന്നേറ്റത്തിൽ ഒരുമിച്ചുകളിക്കുന്ന മാനെയ്ക്കും സലയ്ക്കും ഫൈനലിൽ പക്ഷേ ആ മികവിനൊത്ത് ഉയരാൻ സാധിച്ചില്ല.
പ്രീ ക്വാർട്ടറിൽ ഐവറികോസ്റ്റിനെതിരെയും ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെയും സെമിയിൽ കാമറൂണിനെതിരെയും അധിക സമയത്തേക്ക് നീണ്ട മത്സരങ്ങൾ കളിച്ചെത്തിയ ഈജിപ്ത് താരങ്ങൾക്ക് ഫൈനലിൽ മികവ് പുറത്തെടുക്കാനായില്ല.
ഷൂട്ടൗട്ടിൽ സെനഗലിനായി കാലിഡൗ കൗലിബലി, അബു ഡിയാല്ലോ, ബാംബ ഡിയെങ്, സാദിയോ മാനെ എന്നിവർ സ്കോർ ചെയ്തപ്പോൾ ബൗന സാർ കിക്ക് നനഷ്ടപ്പെടുത്തി. ഈജിപ്ത് നിരയിൽ അഹമ്മദ് സയ്ദ്, മർവാൻ ഹംദി എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. മുഹമ്മദ് അബ്ദൽമോനെം, മൊഹനാദ് ലഷീൻ എന്നിവരുടെ കിക്ക് പാഴായി.

