KSDLIVENEWS

Real news for everyone

ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങിയിട്ട് ആറു മാസം; നെതന്യാഹുവിനെതിരെ ഇസ്രായേലിലും വ്യാപക പ്രക്ഷോഭം

SHARE THIS ON

ഗസ്സ സിറ്റി: ഫലസ്തീൻ പ്രദേശമായ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ആറു മാസം പിന്നിട്ടിട്ടും തുടരുകയാണ്. ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,137 ആയി. പരിക്കേറ്റവർ 75,815 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 65 പേർക്ക് പരിക്കേറ്റു. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 13,000ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 456 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 4650 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1.7 ദശലക്ഷം ഫലസ്തീനികളാണ് ഗസ്സയില്‍ നിന്ന് പലായനം ചെയ്യപ്പെട്ടത്. ഇത് ജനസംഖ്യയുടെ 70 ശതമാനം വരും. ഗസ്സ മുനമ്ബിലെ 55.9 ശതമാനം കെട്ടിടങ്ങള്‍ പൂർണമായോ ഭാഗികമായോ ഇസ്രായേല്‍ ആക്രമണത്തില്‍ തകർക്കപ്പെട്ടു. തകർക്കപ്പെട്ടതില്‍ 60 ശതമാനത്തിലധികവും ഭവനങ്ങളാണ്. 90 ശതമാനത്തോളം സ്കൂള്‍ കെട്ടിടങ്ങളും തകർന്നു. 1.1 ദശലക്ഷം ജനങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി യു.എൻ ചൂണ്ടിക്കാട്ടുന്നു. വടക്കൻ ഗസ്സയിലെ രണ്ട് വയസിന് താഴെ പ്രായമുള്ള 31 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവിന്‍റെ പിടിയിലാണ്. ഗസ്സയിലെ മുഴുവൻ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഇല്ലാതായി. 227 മുസ് ലിം പള്ളികളും 3 ക്രൈസ്തവ ദേവാലയങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ തരിപ്പണമായി. അതേസമയം, ആഴ്ചകള്‍ കൊണ്ട് അവസാനിപ്പിക്കാമെന്ന ഉറപ്പുമായി തുടങ്ങിയ ഗസ്സ ആക്രമണം എങ്ങുമെത്താതെ തുടരുന്നതിനിടെ ബന്ദി മോചനം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാജിക്ക് സമ്മർദം ചെലുത്തിയും ഇസ്രായേലില്‍ പ്രക്ഷോഭം പടരുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ബന്ദികളുടെ കുടുംബാംഗങ്ങള്‍ അടക്കം ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്. ശനിയാഴ്ച ടെല്‍ അവീവ്, സിസേറിയ, ഹൈഫ നഗരങ്ങള്‍ വൻ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഫലസ്തീന്‍റെ സ്വതന്ത്ര്യം ആവശ്യപ്പെട്ട് ലോകരാജ്യങ്ങളിലും ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. അതിനിടെ, ഹമാസിന്‍റെ തിരിച്ചടിയില്‍ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സേന അറിയിച്ചു. തെക്കൻ ഗസ്സ മുനമ്ബില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്ക്വാഡ് കമാൻഡർ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ടത് 604 ഇസ്രായേല്‍ സൈനികരാണ്. ഇവരില്‍ 268 പേർ ഒക്ടോബർ 26ന് തുടങ്ങിയ കരയാക്രമണത്തിന് ശേഷമാണ് കൊല്ലപ്പെട്ടത്. വർഷങ്ങള്‍ നീണ്ട അധിനിവേശത്തിനും അക്രമണത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മറുപടിയായാണ് ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് തിരിച്ചടിച്ചത്. ഇസ്രായേല്‍ പ്രദേശത്ത് ഹമാസ് നടത്തിയ തിരിച്ചടിയില്‍ 1139 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 8730 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, 250 പേരെ ഗസ്സയിലേക്ക് ഹമാസ് കടത്തികൊണ്ടു പോവുകയും ചെയ്തു. ഇതില്‍ 130 പേർ ഇപ്പോഴും ഹമാസിന്‍റെ കേന്ദ്രത്തിലാണ് കഴിയുന്നത്. അതേസമയം, ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും ഓപറേഷനുകളിലും 33 പേർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!