KSDLIVENEWS

Real news for everyone

ആശാവർക്കർ ചോദിച്ചപ്പോൾ ഗർഭിണിയല്ലെന്ന് പറഞ്ഞു: 2 മാസത്തിനു ശേഷം പ്രസവം; സിറാജുദ്ദീന്റെ പേരു പോലും അയൽവാസികൾക്ക് അറിയില്ല

SHARE THIS ON

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കുടുംബം ഒന്നര വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായോ നാട്ടുകാരുമായോ സൗഹൃദമില്ല. സിറാജുദ്ദീന്റെ പേരും വീട്ടിൽ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാർത്ത വരുമ്പോഴാണു തൊട്ടടുത്ത അയൽവാസികൾ പോലും അറിയുന്നത്.

കാസർകോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീൻ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. ‘മടവൂർ കാഫില’യെന്ന 63,500 പേർ സബ്സ്ക്രൈബ് ചെയ്ത യുട്യൂബ് ചാനലുണ്ട്. അസ്മ കുട്ടികളെ സ്കൂളിലയയ്ക്കാൻ മാത്രമാണു പുറത്തിറങ്ങുന്നതെന്ന് അയൽവാസികൾ പറയുന്നു.

ജനുവരിയിൽ ആശാവർക്കർ വീട്ടിലെത്തി, ഗർഭിണിയാണോയെന്ന് അസ്മയോട് അന്വേഷിച്ചിരുന്നു. വീട്ടിൽനിന്നു പുറത്തിറങ്ങാതെ, ജനലിലൂടെ അല്ലെന്നു മറുപടി നൽകി. എന്നാൽ, കഴിഞ്ഞ ദിവസം അയൽവാസികൾ അന്വേഷിച്ചപ്പോൾ ഗർഭിണിയാണെന്നും 8 മാസമായെന്നും പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകിട്ട് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീൻ വാട്സാപിൽ സ്റ്റാറ്റസ്‌ ഇട്ടിരുന്നു. വൈകുന്നേരം വീടിനു സമീപം ഇയാളെ കണ്ടവരുണ്ട്. വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്കു കാർ വരാനുള്ള വഴിയില്ലാത്തതിനാൽ സമീപത്തെ വീട്ടിലാണു നിർത്തിയിടുന്നത്. എട്ടു മണിയോടെ സിറാജുദ്ദീൻ കാർ എടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ, ആംബുലൻസ് വിളിച്ചതും മൃതദേഹം അതിലേക്കു കയറ്റിയതും എപ്പോഴാണെന്നു വ്യക്തമല്ല. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. ഭാര്യയ്ക്കു ശ്വാസതടസ്സമാണെന്നാണു ആംബുലൻസ് ഡ്രൈവറോട് പറഞ്ഞിരുന്നത്.

പ്രസവത്തെത്തുടർന്നു രക്തസ്രാവമുണ്ടായെന്നും വൈദ്യസഹായം തേടാൻ ഭർത്താവ് തയാറായില്ലെന്നുമാണു യുവതിയുടെ വീട്ടുകാരുടെ പരാതി. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരണം. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കാനാണു പൊലീസിന്റെ തീരുമാനം. പ്രസവ ശുശ്രൂഷയിൽ പരിചയമുള്ള സ്ത്രീയുടെ സഹായം തേടിയിരുന്നതായി സിറാജുദ്ദീൻ യുവതിയുടെ ബന്ധുക്കളോട് പറയുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കും. സിറാജുദ്ദീനും അസ്മയും അക്യുപംക്ചർ ചികിത്സയിൽ ബിരുദം നേടിയവരാണ്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!