അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി.

അപകടകരമാംവിധം വാഹനമോടിച്ച യുവാവിന്റെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സസ്പെൻഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനം അപകടകരമായ രീതിയിൽ ഓടിക്കുന്നത് സാമൂഹികമാധ്യമങ്ങളിൽ വൈറലായത് കാസർകോട് കളക്ടർ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കളക്ടറുടെ നിർദേശത്തെത്തുടർന്ന് ആർ.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡിൽ ചെമ്മനാട്ടുവെച്ചാണ് ഡിവൈഡർ മറികടന്ന് എതിർവശത്തേക്ക് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. എതിർവശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും വാഹനത്തിന്റെ പിറകിൽ തൂങ്ങിനിൽപ്പുണ്ടായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാർഥികളുടെ ആഘോഷത്തിൽ പങ്കുചേരാനാണ് മുഹമ്മദ് റാഷിദ് വാഹനവുമായെത്തിയത്. കാഞ്ഞങ്ങാട്ടുനിന്ന് വാടകയ്ക്കെടുത്ത വാഹനത്തിലാണ് രൂപമാറ്റം വരുത്തിയത്. വാഹന ഉടമയായ സ്ത്രീ ഗൾഫിലാണ്. വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പുത്തൻ വാഹനം ഉടമയറിയാതെ സഹോദരനാണ് വാടകയ്ക്ക് നൽകിയത്. എൻഫോഴ്സ്മെന്റ്് ആർ.ടി.ഒ. ടി.എം.ജഴ്സണിന്റെ നേതൃത്വത്തിൽ എം.വി.ഐ. കെ.എം.ബിനീഷ് കുമാർ, എ.എം.വി.ഐ.മാരായ ഐ.ജി.ജയരാജ് തിലക്, എം.സുധീഷ്, എസ്.ആർ.ഉദയകുമാർ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ. എ.കെ.രാധാകൃഷ്ണൻ അറിയിച്ചു

