KSDLIVENEWS

Real news for everyone

പൊട്ടിത്തെറിയിലേക്ക് മഹാരാഷ്ട്ര എൻ.ഡി.എ; അതൃപ്തി മറനീക്കി പുറത്ത്, പരസ്പരം പഴിചാരി നേതാക്കൾ

SHARE THIS ON

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ ഭരണമുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള അതൃപ്തി മറനീക്കി പുറത്തുവന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് നാലുമാസത്തിനകം മുന്നണിയെ സജ്ജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ട സഹചര്യമാണ് മുന്നണിക്ക് മുമ്പിലുള്ളത്. ബി.ജെ.പി.യും ഷിന്ദേവിഭാഗം ശിവസേനയും അജിത്പവാര്‍ വിഭാഗം എന്‍.സി.പി.യും തോല്‍വിയില്‍ പരസ്പരംപഴിചാരി രംഗത്തുവരികയും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പരാജയത്തെ അവലോകനം ചെയ്യുകയും ചെയ്തു.

ഷിന്ദേവിഭാഗവും അജിത്പവാര്‍ വിഭാഗവും മുംബൈയില്‍ യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്തത്. ബി.ജെ.പി.യുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. ഡല്‍ഹിയില്‍ എന്‍.ഡി.എ. യോഗത്തില്‍നിന്ന് വിട്ടുനിന്ന ഉപമുഖ്യമന്ത്രി അജിത്പവാര്‍ മുംബൈയില്‍ പാര്‍ട്ടിയോഗം വിളിച്ചുകൂട്ടുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ നിന്നുള്ള എം.എല്‍.എ.മാര്‍ ശരദ്പവാര്‍ പക്ഷത്തേക്ക് മാറുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അജിത്പവാര്‍ യോഗംവിളിച്ചത്.

മുഖ്യമന്ത്രി ഏക്നാഥ്ഷിന്ദേ വിഭാഗം വിളിച്ച യോഗത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരെല്ലാം പങ്കെടുത്തു. അജിത്പവാര്‍ വിഭാഗവും ഷിന്ദേവിഭാഗവും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ലെന്ന് ബി.ജെ.പി. നേതൃത്വം കുറ്റപ്പെടുത്തുമ്പോള്‍ ബി.ജെ.പി. സീറ്റ് നിര്‍ണയം നീട്ടിക്കൊണ്ടുപോയതാണ് മഹായുതിക്കേറ്റ തിരിച്ചടിക്ക് പ്രധാനകാരണമെന്ന് ഷിന്ദേ വിഭാഗം കുറ്റപ്പെടുത്തി. ബി.ജെ.പി. നടത്തിയ അഭിപ്രായസര്‍വേപ്രകാരം സ്ഥാനാര്‍ഥികളെ മാറ്റാന്‍ സമ്മര്‍ദം ഉണ്ടായതായും ഷിന്ദേ വിഭാഗം കുറ്റപ്പെടുത്തി. ബി.ജെ.പി.യുടെയും ഷിന്ദേ വിഭാഗം ശിവസേനയുടെയും വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് അജിത്പവാര്‍ വിഭാഗവും കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നാലുസീറ്റ് മാത്രം അനുവദിച്ചതില്‍ അജിത് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!