തലപ്പാടി അതിർത്തിയിലും കർഫ്യൂ; ഏറ്റവും ദുരിതത്തിലാക്കുന്നതു കാസർകോട് ജില്ലയെ

കാസർകോട് ∙ കേരള-കർണാടക അതിർത്തികളിൽ കർണാടകയുടെ കർഫ്യൂ പ്രഖ്യാപനം ഏറ്റവും ദുരിതത്തിലാക്കുന്നതു കാസർകോട് ജില്ലയെ. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മംഗളൂരുവിലേക്ക് ഇനി യാത്ര സാധ്യമാവില്ല. കേരളത്തിൽ നിന്നു കർണാടകയിലേക്കു യാത്ര ചെയ്യുന്നവർക്കു നേരത്തെ 72 മണിക്കൂർ മുൻപുള്ള കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇന്നലെ ചേർന്ന കർണാടക മന്ത്രിസഭാ യോഗമാണു വാരാന്ത്യ കർഫ്യൂ പ്രഖ്യാപിക്കാൻ നിർദേശം നൽകിയത്. ഇതോടെ അത്യാവശ്യ ഘട്ടത്തിലുള്ള യാത്രക്കാരെ മാത്രമാണു പോകാൻ അനുവദിക്കുന്നത്.
കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് അതിർത്തികളിൽ കൂടുതൽ പൊലീസിനെ കർണാടക അണിനിരത്തിയിട്ടുണ്ട്. കാസർകോട് ജില്ല കർണാടകയുമായി 17 സ്ഥലങ്ങളിലാണ് അതിർത്തി പങ്കിടുന്നത്. മുഴുവൻ റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു പരിശോധന നടത്തി വരികയാണ്. ദേശീയപാതയിലെ തലപ്പാടി ടോൾ ബൂത്തിനടുത്തു കർശന പരിശോധനയാണു കർണാടക പൊലീസ് നടത്തുന്നത്. ചെർക്കള – കല്ലടുക്ക, ചെർക്കള -സുള്ള്യ റോഡിലും പരിശോധനയ്ക്കു കർണാടക പൊലീസ് സംഘമുണ്ട്. അഡ്ക്കസ്ഥലയിലെ സാറഡുക്ക എന്നിവിടങ്ങളിലടക്കം കർശന പരിശോധന നടത്തിവരികയാണ്.

