ചെർക്കളയിൽ ദേശീയപാതയിൽ വിള്ളൽ; ഗതാഗതം തിരിച്ചുവിട്ടു

ചെർക്കള: ദേശീയപാത 66ൽ ചെർക്കള ജംക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ രണ്ടാം വളവിൽ കുന്നിടിഞ്ഞ് റോഡിൽ വിള്ളൽ. തിങ്കളാഴ്ച വൈകിട്ട് വിള്ളൽ കണ്ടതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി പാത അടച്ചു. രാത്രിയിൽ തന്നെ ടാറിട്ട് വിള്ളൽ അടച്ചെങ്കിലും അറ്റകുറ്റപ്പണി തീരുന്നതു വരെ ബസ്, ലോറി അടക്കം വലിയ വാഹനങ്ങൾ ഇതുവഴി നിരോധിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇവിടെ ദേശീയപാതയ്ക്ക് 10 മീറ്ററോളം താഴ്ചയിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള ജോലിക്കിടെ മുൻ ദിവസങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കനത്ത മഴയിൽ വീടുകൾ ഉൾപ്പെടെ അപായ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത ചെർക്കള വളവിലെ റോഡിൽ വിള്ളലുണ്ടായ പ്രദേശത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്ന നാട്ടുകാർ.
ചെർക്കള ഇറക്കം മുതൽ ചട്ടഞ്ചാൽ കയറ്റം വരെയുള്ള 6 കിലോമീറ്റർ ദേശീയപാതയിൽ ആവശ്യമായ മുൻ കരുതലെടുത്ത് വേണം പാത നിർമാണമെന്ന് അധികൃതർ ഇടയ്ക്കിടെ നിർദേശം നൽകുന്നതാണ്. ഇവിടെ പല തവണയായി മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും അപ്രതീക്ഷിതമായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം വഴി തിരിച്ചു വിടേണ്ടി വരുന്നു. ഗതാഗത തടസ്സം മുൻകൂട്ടി അറിയാതെ വരുന്ന ബസ് ഉൾപ്പെടെ വാഹന യാത്രികർ ദുരിതത്തിലാകുന്നു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചെർക്കള മുതൽ ബേവിഞ്ച വരെ വളരെ സങ്കീർണമായ അവസ്ഥയാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു. പുതിയ റോഡിന്റെ അലൈൻമെന്റ് മാറ്റിയത് കാരണം കുന്ന് ഇടിച്ചും നിലവിലെ റോഡ് താഴ്ത്തിയുമാണ് പുതിയ റോഡ് കടന്നു പോകുന്നത്. നൂറിലേറെ വീടുകളുള്ള കുണ്ടടുക്കം, പുലിക്കുണ്ട്, വി.കെ.പാറ, കൊയങ്ങാനം മൂല, സ്റ്റാർ നഗർ പ്രദേശങ്ങളിലാണ് വലിയ ഭീഷണിയുള്ളത്. റോഡിനു പടിഞ്ഞാറു ഭാഗം വലിയ കുന്നും കിഴക്കു ഭാഗം 60 അടി വരെയുള്ള താഴ്വാരവുമാണ്.
മുകൾ ഭാഗത്തു നിന്ന് കുന്നും താഴെ റോഡ് ഭാഗവും ഇടിയുന്നതിനുള്ള സാധ്യതയാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കുന്നതിന് അപകട സാധ്യതാ സ്ഥലങ്ങളിൽ സുരക്ഷിതത്വം ഉറപ്പു വരുത്തി അരികു ഭിത്തി പണിയുകയും ഗതി മാറി പോകുന്ന മഴവെള്ളം ഒഴുകുന്നതിന് ഡ്രെയ്നേജ് പണിയുകയും വേണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ആക്ഷൻ കമ്മിറ്റി ഉയർത്തുന്നത്. റോഡിൽ വിള്ളൽ കണ്ട ഭാഗത്ത് ഇന്നലെ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

