യുഎസിന്റെ അധികതീരുവ സാമ്പത്തിക ബ്ലാക്ക് മെയിലെന്ന് രാഹുൽ; മോദിക്കും വിമർശനം

ന്യൂഡല്‍ഹി: ഇന്ത്യക്കുമേലുള്ള കയറ്റുമതി തീരുവ അന്‍പതുശതമാനമാക്കിയ യുഎസ് നടപടിക്കെതിരേ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്രംപിന്റെ അന്‍പതുശതമാനം തീരുവ സാമ്പത്തിക ബാക്ക്‌മെയില്‍ ആണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘ഇന്ത്യയെ ന്യായരഹിതമായ വ്യാപാരക്കരാറിലേക്ക് ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള നീക്കമാണിത്. തന്റെ ദൗര്‍ബല്യത്തെ, ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളെ മറികടക്കാന്‍ പ്രധാനമന്ത്രി മോദി അനുവദിക്കരുത്’, സാമൂഹികമാധ്യമമായ എക്‌സില്‍ രാഹുല്‍ കുറിച്ചു.
ജൂലൈ 30-നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുന്നത്. പിന്നാലെ, അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധികതീരുവ കൂടി ഇന്ത്യന്‍ കയറ്റുമതിക്കുമേല്‍ യുഎസ് ചുമത്തുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. തീരുവ വര്‍ധന ഓഗസ്റ്റ് 27-ന് നിലവില്‍വരും.
അതേസമയം, യുഎസ് നീക്കത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

