ഹഥ്റാസിൽ റിപ്പോർട്ട് തയ്യാറാക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകന്റെ മേൽ രാജ്യദ്രോഹ കേസ് ചുമത്തി യു പി പോലീസ്

ദില്ലി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് രാജ്യദ്രോഹ വകുപ്പ് ചുമത്തി. മതവിദ്വേഷം വളർത്തുന്ന നടപടികളെന്ന് ആരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്.
കെയുഡബ്ല്യുജെയുടെ ദില്ലി ഘടകം സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ. അഴിമുഖം എന്ന വാർത്താവെബ്സൈറ്റിന്‍റെ പ്രതിനിധിയാണ്. സിദ്ദിക്കിൻ്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തകയൂണിയൻ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. പുതിയ വകുപ്പുകൾ ചുമത്തിയത് സിദ്ദിഖിനെ ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കും.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ തേജസ്, തത്സമയം എന്നീ ദിനപത്രങ്ങളിലായിരുന്നു സിദ്ദിഖ് കാപ്പൻ ജോലി ചെയ്തിരുന്നത്. ഹാഥ്റസ് സന്ദർശിക്കാൻ പോകുന്ന വഴിയ്ക്ക് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേഖലയിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മഥുര പൊലീസ്
ആദ്യം സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. സിദ്ദിഖിനെ അറസ്റ്റിലായ ശേഷം ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ലെന്ന്, കെയുഡബ്ല്യുജെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതേകാര്യം ചൂണ്ടിക്കാട്ടി, കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ജോലി നിർവഹിക്കാൻ പോയ ഒരു മാധ്യമപ്രവർത്തകനെ റിപ്പോർട്ടിംഗിനിടെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും, അടിയന്തരമായി സിദ്ദിഖിനെ വിട്ടയക്കണമെന്നും കെയുഡബ്ല്യുജെ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

