അതുക്കും മേലെ ‘cr7’; പുള്ളാവൂരില്‍ 50 അടിപൊക്കത്തില്‍, നെഞ്ചുവിരിച്ച് ക്രിസ്റ്റ്യാനോ

കോഴിക്കോട്: വിവാദങ്ങള്‍ ഒരുവഴിക്ക്. പുള്ളാവൂരുകാരുടെ ഫുട്ബോള്‍ ആവേശം അങ്ങനെയൊന്നും ചോര്‍ന്നുപോകില്ല. മെസ്സിക്കും നെയ്മറിനും പിന്നാലെ പുള്ളാവൂര്‍ ചെറുപുഴയേരത്ത് നെഞ്ചുവിരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും കട്ടൗട്ട് ഉയര്‍ന്നു. മെസി, നെയ്മര്‍ കട്ടൗട്ടുകള്‍ക്കു നടുവിലാണ് അവരെക്കാള്‍ തലപ്പൊക്കത്തില്‍ ‘സിആര്‍7’ ഉയര്ന്നുനില്ക്കുന്നത്.
താരയുദ്ധത്തില്‍ ക്രിസ്റ്റിയാനോ ആരാധകരും ഒട്ടും പിന്നിലല്ല. ഖത്തറില്‍ ലോകകപ്പില്‍ പന്തുരുളുമ്ബോള്‍ പോര്‍ച്ചുഗല്‍ ആരാധകരുടെ എല്ലാ കണ്ണുകളും ആ ബൂട്ടുകളിലേക്കാണ്. ക്രിസ്റ്റ്യാനോ മെസ്സിക്കും നെയ്മറിനും മീതെ ഉയര്ന്നുനില്ക്കണമെന്നു തന്നെയാണ് അവരുടെ മോഹം. അതുകൊണ്ടുതന്നെ, കട്ടൗട്ട് പോരില്‍ ഒരുപടികൂടി കടന്നു അവര്‍. 50 അടിയോളം പൊക്കത്തിലാണ് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയര്‍ത്തിയിരിക്കുന്നത്. മെസിയുടേത് 30 അടിയും നെയ്മറിന്റേത് 40 അടിയുമായിരുന്നു.
അതിനിടെ, പുള്ളാവൂര്‍ പുഴ തങ്ങളുടെ പരിധിയിലാണെന്ന് അവകാശപ്പെട്ട് കൊടുവള്ളി നഗരസഭാ രംഗത്തെത്തിയിട്ടുണ്ട്. ഫുട്ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുക്കള്‍ നീക്കം ചെയ്യില്ലെന്നും പരാതി ലഭിച്ചാലും നടപടിയുണ്ടാകില്ലെന്നും നഗരസഭ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, അഭിഭാഷകന് ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ നീക്കംചെയ്യാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് ഈ നിലപാടില്‍നിന്ന് പിന്നീട് പിന്മാറി. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും കട്ടൗട്ടുകള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓലിക്കല്‍ അറിയിച്ചു. കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് ആരാധകരും വ്യക്തമാക്കിയിരുന്നു. നടപടി വന്നാല്‍ നിയമപരമായി നീങ്ങാനും ഒരുക്കമാണെന്നും അവര്‍ സൂചിപ്പിച്ചു.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു നാട്ടില്‍ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലുള്ള പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന കട്ടൗട്ടുകളാണ് അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത്. അര്‍ജന്റീന ആരാധകരാണ് ആദ്യമായി ലയണല്‍ മെസ്സിയുടെ കട്ടൗട്ട് പുഴയില്‍ സ്ഥാപിച്ചത്. 30 അടി പൊക്കമാണ് കട്ടൗട്ടിനുണ്ടായിരുന്നത്.
കട്ടൗട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനു പിന്നാലെ ബ്രസീല്‍ ആരാധകരും രംഗത്തെത്തി. പത്തടി കൂടി അധികം പൊക്കമുള്ള ഭീമന് നെയ്മര്‍ കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ പുഴയില്‍ തൊട്ടരികെ സ്ഥാപിച്ചത്.

