KSDLIVENEWS

Real news for everyone

തിരിച്ചറിഞ്ഞു , കൃത്യമായി വെടിവെച്ചു ; ഫക്രിസാദെയുടെ മരണം ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്കിൽ നിന്ന് വെടിയേറ്റ്

SHARE THIS ON

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നതനായ ആണവ ശാസ്‌ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസാദെയുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്ക് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ മെഹ്ര്‍ ന്യൂസിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.

കഴിഞ്ഞ 27നാണ് തലസ്ഥാനമായ ടെഹ്‌റാന് കിഴക്ക് ദേശീയപാതയില്‍ വച്ച്‌ ഫക്രിസാദെ കൊല്ലപ്പെട്ടത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആയുധം ഫക്രിസാദെയില്‍ തന്നെ സൂംചെയ്‌ത് വെടിയുതിര്‍ക്കുകയായിരുന്നു. ഇറാനിലെ ഇസ്ളാമിക സേനയുടെ ഡെപ്യൂട്ടി കമാന്റര്‍ അലി ഫദാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരക്ഷാ സൈനികര്‍ വെടി വച്ചതാണ് ഫക്രിസാദെയുടെ മരണത്തിനിടയാക്കിയതെന്നും അതല്ല റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള‌ള ആക്രമണമാണ് നടന്നതെന്നും വിവിധ റിപ്പോര്‍‌ട്ടുകള്‍ മുന്‍പ് രാജ്യത്തുണ്ടായിട്ടുണ്ട്. പതിമൂന്ന് വെടിയുണ്ടകള്‍ ഫക്രിസാദെയ്‌ക്ക് ഏ‌റ്റെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയ്‌ക്കോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാര്‍ക്കോ പരിക്കേല്‍ക്കാത്തത് ആക്രമണം കൃത്യമായി ആസൂത്രണം ചെയ്‌തതിന്റെ തെളിവാണെന്ന് അലി ഫദാവി പറഞ്ഞു. ഇറാനിലെ പരമോന്നത പദവിയിലിരിക്കെ ഈ വര്‍ഷം കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് മൊഹ്സീന്‍ ഫക്രിസാദെ. കഴിഞ്ഞ ജനുവരിയില്‍ ട്രംപിന്റെ ഉത്തരവില്‍ ഇറാനിലെ സൈനിക നേതാവ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഫക്രിസാദെയുടെ മരണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇതിനെതിരെ ഇസ്രയേല്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. മുന്‍പ് 2018ല്‍ ഇസ്രയേലിലെ ഒരു ഉന്നത തല യോഗത്തില്‍ ഫക്രിസാദെയുടെ പേര് ഓര്‍ത്തുവയ്‌ക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. 2010ന് ശേഷം ഇറാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത് ആണവശാസ്‌ത്രജ്ഞനാണ് ഫക്രിസാദെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!