KSDLIVENEWS

Real news for everyone

ഡി.സി.സി. ട്രഷററുടെ മരണം: കെപിസിസി സംഘം ഇന്ന് വയനാട്ടിൽ, കോൺ​ഗ്രസ് പ്രതിരോധത്തിലല്ലെന്ന് ടി.സിദ്ദിഖ്

SHARE THIS ON

കല്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ കോൺഗ്രസ് പാർട്ടി പ്രതിരോധത്തിലല്ലെന്ന് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേരത്തേ ചില അന്വേഷണങ്ങൾ നടത്തിയിരുന്നു. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. വീണ്ടും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് ഉടൻ വരുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. എം.എൽ.എയുടെ ഓഫീസ് സുൽത്താൻബത്തേരിയിലെ ജനങ്ങളുടെ ഓഫീസാണ്. ആ ഓഫീസ് ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിനു തുല്യമാണ്. പോലീസ് അന്വേഷണറിപ്പോർട്ടും വിജിലൻസ് അന്വേഷണ റിപ്പോർട്ടും വന്നിട്ടില്ല.

എന്നിട്ടും ഐ.സി. ബാലകൃഷ്ണൻ കുറ്റവാളിയെന്ന പ്രതീതിയുണ്ടാക്കി എം.എൽ.എ. ഓഫീസ് ആക്രമിക്കുകയാണുണ്ടായത്. സംസ്ഥാനം സി.പി.എമ്മിന്റെ ഭരണത്തിലായിരുന്നിട്ടും എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി തന്റെ ധാർമികത വെളിപ്പെടുത്തിയ ആളാണ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

എസ്.എഫ്.ഐ. പ്രവർത്തകർ മുൻപ് എം.പി. ഓഫീസ് ആക്രമിച്ചു, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഇപ്പോൾ എം.എൽ.എ. ഓഫീസും. വയനാട്ടിൽ സി.പി.എമ്മും അതിന്റെ പോഷകസംഘടനകളും നടത്തുന്നത് ശരിയായ രാഷ്ട്രീയസമീപനമല്ലെന്നും ടി. സിദ്ദിഖ് എം.എൽ.എ. പറഞ്ഞു.

കെ.പി.സി.സി സംഘം ഇന്ന് വയനാട്ടിൽ

ഡി.സി.സി. ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സംഘം ബുധനാഴ്ച ജില്ലയിലെത്തും.

കെ.പി.സി.സി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരാണ് ജില്ലയിലെത്തുക. രാവിലെ 10-ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തുന്ന നേതാക്കൾ തുടർന്ന് ബത്തേരിയിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!