പലസ്തീന്‍ പുകയുന്നു; ഇസ്രായേലിന് താക്കീതുമായി യൂറോപ്യന്‍ രാജ്യങ്ങള്‍, കുടിയേറ്റ നിര്‍മാണം നിര്‍ത്തണം

മസ്ജിദുല്‍ അഖ്സയെന്ന മുസ്ലിം വിശുദ്ധഭൂമിയോടു ചേര്‍ന്ന് നിരവധി മുസ്ലിം കുടുംബങ്ങള്‍ വസിച്ചുപോരുന്ന ഒരു പ്രദേശം കൂടി അധിനിവേശം നടത്താന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ സൈനിക നടപടിയാണ് ഏറ്റവുമൊടുവില്‍ ഫലസ്തീനില്‍ ചോര വീഴ്ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും അതുകഴിഞ്ഞ് പ്രതിഷേധത്തിനും സംഗമിച്ചവര്‍ക്കു നേരെയായിരുന്നു ഇസ്രായേല്‍ പൊലീസും സൈന്യവും ചേര്‍ന്ന് നരനായാട്ട് നടത്തിയത്. 178 പേര്‍ക്ക് പരിക്കേറ്റ അതിക്രമത്തെ യു.എന്‍ അടക്കം സംഘടനകള്‍ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.
അധിനിവേശ ഭീഷണിയിലുള്ള ശൈഖ് ജര്‍റാഹ് പ്രദേശം മസ്ജിദുല്‍ അഖ്സയുടെ ഒരു കിലോമീറ്റര്‍ പരിധിയിലാണ്. സലാഹുദ്ദീന്‍ അയ്യൂബിയുടെ ഡോക്ടറായിരുന്ന ശൈഖ് ജര്‍റാഹ് താമസിച്ച ഭൂമിയെന്ന നിലക്കാണ് പ്രദേശത്തിന് ഈ പേരുവരുന്നത്. 1948ല്‍ ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്ന് ലക്ഷങ്ങള്‍ നാടുവിടേണ്ടിവന്നപ്പോള്‍ നിരവധി കുടുംബങ്ങള്‍ ഇവിടെ താമസമാക്കിയിരുന്നു. ഇവരുടെ പിന്മുറക്കാര്‍ ഉള്‍പെടെ 38 മുസ്ലിം കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. ഇതിനോടു ചേര്‍ന്ന് ജൂത കുടിയേറ്റങ്ങളും ധാരാളമായുണ്ട്. കുടിയേറ്റം വിപുലമാക്കാന്‍ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയാണ് പദ്ധതി.
എന്നാല്‍, ജറൂസലമിന്‍റെ നിലവിലെ ഭരണകര്‍ത്താക്കളായ ജോര്‍ദന്‍ സര്‍ക്കാര്‍ എല്ലാ രേഖകളും നല്‍കിയതിനാല്‍ തങ്ങളെ പുറത്താക്കാനാകില്ലെന്ന് താമസക്കാര്‍ പറയുന്നു. 38 കുടുംബങ്ങളില്‍ നാലുപേരെ അടിയന്തരമായി കുടിയിറക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നുപേരെ ആഗസ്റ്റ് ഒന്നിനും പുറത്താക്കും. അവശേഷിച്ചവരുടെ കേസുകള്‍ ഇസ്രായേല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. ശക്തരായ ഇസ്രായേല്‍ കുടിയേറ്റ ഗ്രൂപുകളാണ് കേസുകളില്‍ മറുവശത്തുള്ളത്. അതിനാല്‍, ജയിക്കാനാകില്ലെന്ന് ഫലസ്തീനികള്‍ വിശ്വസിക്കുന്നു.
1967ല്‍ ജറൂസലം ഇസ്രായേല്‍ അധിനിവിഷ്ട ഭൂമിയായി മാറിയശേഷം ശൈഖ് ജര്‍റാഹിനുമേല്‍ ജൂത കുടിയേറ്റ സംഘങ്ങള്‍ അവകാശവാദം സജീവമാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി നല്‍കിയ കേസുകളിലാണ് ഫലസ്തീനികളെ പുറത്താക്കുന്നത് തുടരുന്നത്.
‘വിശുദ്ധ താഴ്വര’ എന്ന പേരില്‍ ശൈഖ് ജര്‍റാഹ് ഉള്‍പെടുന്ന പ്രദേശം ഉള്‍പെടുത്തി കൂടുതല്‍ ജൂത കുടിയേറ്റ ഭവനങ്ങളും പാര്ക്കുകളുമുള്പെെട നിര്‍മിക്കാന്‍ ഇസ്രായേലിന് നേരത്തെ പദ്ധതിയുണ്ട്. ഇവക്ക് മുസ്ലിം വീടുകള്‍ ഇവിടെനിന്ന് മാറണം. അതാണ് പുതുതായി സൈനിക നടപടിയിലേക്കും പ്രതിഷേധങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത്.
അല്‍അഖ്സ മസ്ജിദിന് തെക്കുള്ള സില്‍വാനില്‍ ബത്ന് അല്‍ഹവ്വയിലുളള 87 ഫലസ്തീനികളെ പുറന്തള്ളാന്‍ കഴിഞ്ഞ നവംബറില്‍ ഇസ്രായേല്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇസ്രായേലിന് രൂപം നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭരിക്കുന്ന ഘട്ടത്തില്‍ ഈ ഭൂമി ജൂതരുടെതാണെന്നായിരുന്നു അവകാശവാദം.
സമാനമായി ശൈഖ് ജര്‍റാഹില്‍ താമസിച്ചുവരുന്ന 24 ഫലസ്തീനി കുടുംബങ്ങളെ പുറന്തള്ളാന്‍ 1982ല്‍ ജൂത കുടിയേറ്റ സംഘങ്ങള്‍ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. 2002ല്‍ 43 ഫലസ്തീനികളെ കോടതിയുടെ അനുഗ്രഹാശിസ്സുകളോടെ പുറന്തള്ളി ഭൂമി ജൂത കുടിയേറ്റക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇസ്കാഫി, കുര്‍ദ്, ജാനോയ്, ഖാസിം കുടുംബങ്ങള്‍ മേയ് ആറോടെ കുടിെയാഴിയണമെന്ന് കോടതി ഉത്തരവിട്ടത്. മറ്റു കുടുംബങ്ങളെയും ഇവിടെ കഴിയുന്ന കുടിയാന്മാരായാണ് ഇസ്രായേല്‍ കോടതികള്‍ കാണുന്നത്. അതിനാല്‍ കേസുകളില്‍ ഏതു നിമിഷവും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവു വരുമെന്ന ഭീഷണി എല്ലാ കുടുംബങ്ങളിലുമുണ്ട്. പ്രദേശത്തെ ഫലസ്തീനി കുടുംബങ്ങളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ജോര്‍ദന്‍ വിദേശകാര്യ മന്ത്രി ഐയ്മന്‍ സഫാദി കൈമാറിയിരുന്നു. അവ അവഗണിച്ചും 2020 മുതല്‍ ഇതുവരെ 13 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ കോടതികള്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
ഇവിടെ ഫലസ്തീനികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി അധിനിവേശ വിരുദ്ധ ഇസ്രായേലി സംഘടനകളുമുണ്ട്.

