KSDLIVENEWS

Real news for everyone

കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ ‘ഹൈട്ടെക്കും’ ഓടകളിൽ തള്ളിയ പോസ്റ്ററുകളും

SHARE THIS ON

————————————-
സ്വന്തം പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതാക്കൾ പാർട്ടി തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും ചോദിച്ചു വാങ്ങിയ പണം ചെലവഴിക്കാതെ അപ്പാടെ മുണുങ്ങിയെന്നും അണികളിൽ ഏറിയകൂറുമാളുകൾ പ്രവർത്തിക്കാതെ മാറി നിന്നെന്നും ചിലർ വല്ലാത്ത നിലക്ക് വെള്ളം ചേർത്ത വിജയക്കണക്കുകൾ നിസ്സങ്കോചം
സംസ്ഥാന നേതൃത്വത്തിന് മുന്നിൽ കൊണ്ടിട്ടുവെന്നും അത് അണ്ണാക്ക് തൊടാതെ വിഴുങ്ങി യൂ ഡി എഫ് നൂറിനടുത്ത സീറ്റിൽ വിജയിക്കുമെന്ന് ഉന്നതരായ ആളുകൾ പ്രഖ്യാപിച്ചത് നാണക്കേടിൻമേൽ നാണക്കേടിൽ പാർട്ടിയും മുന്നണിയും ചെന്ന് വീണെന്നും വിലയിരുത്തി…!!!
ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും പ്രവർത്തന ചാരുതിയാണ് തങ്ങളുടെ മഹിമയെന്നും നാക്കിട്ടടിക്കാൻ ഒരു ലുബ്ദതയും വരുത്താത്ത സാക്ഷാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള പ്രദേശ് ഘടകത്തിന്റെ ഭാഗമായ രാഷ്ട്രീയ കാര്യ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നു വിലപിച്ചതാണ് ഇപ്പറഞ്ഞതത്രയും..!!
പാലിൽ വെള്ളം ചേർക്കുന്നത് പോലെയെങ്കിൽ പിന്നെയും സഹിക്കാമായിരുന്നുവെന്നും ബൂത്ത് തലത്തിൽ നിന്ന് സ്വന്തം അണികൾ തന്ന കണക്ക് വെള്ളത്തിൽ പാല് ചേർത്തത് പോലുള്ള അസഹനീയതക്കും
അങ്ങേയറ്റത്തെ
ലജ്ജക്കും അപ്പുറമുള്ള കണക്കായിപ്പോയെന്നും സമിതി പരിതപ്പിച്ചുവെന്നാണ് വാർത്തകളിൽ നിന്നും ഗ്രാഹ്യമാവുന്നത്.
രാഹുൽജി ഇപ്പോൾ യുവ രാജാക്കളെ മുന്നിലേക്കെത്തിച്ചു ഓടിത്തളർന്നുവെന്നു അദ്ദേഹം സ്വയം വിലയിരുത്തിയ പഴയ പടക്കുതിരകളെ ഓരോരത്തേക്കിട്ട് അപ്പൂപ്പൻ വളർത്തിക്കൊണ്ട് വന്ന പാർട്ടിയെ ബൂത്ത്‌ തലം തൊട്ട് ഹൈടെക്കാക്കിയപ്പോൾ
മൂലക്കായ നേതൃത്വം കരുതിയത് രാജീവ്ജിയുടെ പൊന്ന് മോൻ ഈ പാർട്ടിയെ ഉന്നതിയുടെ ഉച്ചിയിലേക്കെവിടെയോ കൊണ്ടെത്തിക്കുമെന്നായിരുന്നുവത്രേ….
പക്ഷെ ആ ഹൈടെക്ക് ” ഡേർട്ടി ഔട്ലെറ്റുകളും, സ്ക്രാപ്പ് ഷോപ്പുകളുമാണെന്ന് ” പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെ ണ്ണലിന് ശേഷമാണ് ആ പാവങ്ങൾ തിരിച്ചറിഞ്ഞത്. അതോടെ
മറ്റു സംസ്ഥാനങ്ങളിലെ പാർട്ടിയിലും ടിയാൻ നടപ്പാക്കിയ ഇതേ ഹൈ ടെക്ക് തന്നെയാണ് കേരളത്തെപ്പോലെ കോൺഗ്രസ്സിനെതന്നെ അപ്പാടെ ഓടയിലും ആക്രിക്കടയിലും തള്ളിയതെന്ന സംശയം അവരിൽ ബാലപ്പെടുകയും ചെയ്തു വെന്നാണ് അരമന രഹസ്യം.
‘മോദിജി’ നോട്ട് നിരോധിച്ചതോടെ പറ്റേ പാപ്പരായ ഒറ്റപ്പാർട്ടി എന്ന അപഖ്യാദി വല്ലാതെ ജാള്യത സമ്മാനിക്കുന്നതിനിടയിലും പാർട്ടി എങ്ങു നിന്നോ വാങ്ങിക്കൂട്ടിയ പണം സ്വരൂപിച്ച് അദ്ധ്വാനിച്ചച്ചടിച്ച പോസ്റ്റർ, നോട്ടിസ്, അഭ്യർത്ഥനാ കത്തുകൾ, സ്ഥാനാർഥിയുടെ മഹത്വം ഉത്ഘോഷിക്കുന്ന പരിചയപ്പെടുത്തലുകൾ തുടങ്ങി സർവ്വതും കേരളത്തിൽ ഉടനീളം മഴവെള്ളവും മലിന ജലവും നിർബാധം ഒഴുകിപ്പോകേണ്ട ഓടകൾക്ക് തടസ്തമായതും ആക്രിക്കട ഉടമകൾക്ക് ചാകരയായതും മിച്ചമായി എന്ന വസ്തുത പിന്നീടാണ്, എന്നുവെച്ചാൽ വോട്ടെണ്ണി എല്ലാ കൗണ്ടറുകളും അടച്ചുപൂട്ടി ഉദ്യോഗസ്ഥരും മറ്റും സുഖ നിദ്രയിൽ പൂണ്ട ശേഷമാണ് ഞങ്ങൾക്ക് അഥവാ ഏ സി റൂമിൽ കറങ്ങുന്ന ചയറിലിരുന്ന് പിണറായിക്കും,മന്ത്രിമാർക്കും,സർക്കാരിന് മൊത്തത്തിനും , അവരുടെ ജനോപകാരപ്രദമായ ലൈഫ് മിഷൻ പോലുള്ള പദ്ധതികൾക്കുമെതിരെ കള്ളപ്രചാരണങ്ങളും അപസർപ്പക്കഥകളും മെനയുന്നതിൽ ബദ്ധശ്രദ്ധരായ നേതാക്കൾക്ക്- മനസ്സിലായതെന്ന് ഉളുപ്പില്ലാതെ മാലോകരോട് വിളിച്ചു പറയാൻ വിധിക്കപ്പെട്ട നേതൃത്വത്തിന് ഒരു സംസ്ഥാനത്തിന്റെ മൊത്തം മനസ്സ് വായിച്ചെടുത്ത് അവർക്കാവശ്യമായ സേവനങ്ങൾ എങ്ങിനെ ചെയ്യാനാകുമെന്ന് ആലോചനാ ശേഷി അല്പമെങ്കിലും ബാക്കിയുള്ള കോൺഗ്രസിലെ അംഗങ്ങൾക്ക് ഇനിയും ചിന്തിക്കാവുന്നതേയുള്ളൂ.
വോട്ടെടുപ്പ് കഴിഞ്ഞ് ഇരുപത്തിയഞ്ചോളം ദിവസം പിന്നിട്ടിട്ടും ഓരോ മണ്ഡലത്തിലെയും കൃത്യമായൊരു കണക്കെടുപ്പിനോ വിശകലതിനോ ഈ തലമൂത്ത നേതാക്കളടക്കമുള്ള ഹൈ ടെക്ക് സംഘത്തിന് പറ്റിയില്ലെന്ന ഏറ്റു പറച്ചിൽ ഒരു നൂറ്റാണ്ടിനപ്പുറത്തെ മേന്മ പറയുന്ന ഒരു ദേശീയ പാർട്ടിക്ക് കുറച്ചിലല്ലെങ്കിൽ മറ്റെന്താണ്?
റോഡ് ഷോയിലൂടെയും കടലിൽ ചാടലിലൂടെയും, സൈക്കിൾ ചവിട്ടിയും മറ്റു കോപ്രായങ്ങൾ കാട്ടിയും ഓണദേവനെപ്പോലെ കൊല്ലത്തിലൊരിക്കൽ പ്രത്യക്ഷപ്പെട്ടാലൊന്നും കേരള ജനതയെ പാട്ടിലാക്കാമെന്ന് കരുതിയാൽ അത് തെറ്റാണെന്ന് ‘വയനാടൻ പ്രധാന മന്ത്രിയെ’ ബന്ധപ്പെട്ടവർ ആദ്യമേ അറിയിക്കാത്തതിന്റെ അനർത്ഥം കൂടി ഈ പരാജയത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. പ്രചരണ സാമ ഗ്രികൾ വളരെ ലാഘവത്തോടെയും നിഷ്കരുണവും ഓടകളിലും ആക്രിക്കടകളിലും കൊണ്ടു തള്ളുന്ന അണികളേ തങ്ങൾക്കുള്ളൂവെന്നും അതാണ്‌ പരാജയ നിമിത്തമെന്നും നിർലജ്ജം ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ സ്റ്റേറ്റ് നേതൃത്വത്തിന് വിലപിക്കേണ്ടി വന്നാൽ അതിലപ്പുറം ഗതികേടും നാണക്കേടും മറ്റെന്തുണ്ടെന്ന് ആലോചിക്കാൻ വകുപ്പുള്ളവരുണ്ടെങ്കിൽ സമയം നഷ്ടപ്പെട്ടിട്ടില്ലെന്നോർമ്മപ്പെടുത്തുന്നു.
ഇനി അന്യോഷണക്കമ്മീഷനുകളെ നിയമിച്ചു സമയവും സമ്പത്തും നഷ്ടപ്പെടുത്തിയും ‘തല’മാറ്റിയോ വൃത്തിയാക്കിയോ പ്രയോജനമൊന്നുമില്ലെന്നും വിശ്വസ്തരായ താഴേ തട്ട് മുതലുള്ള നേതാക്കളും അതിനൊത്ത നിഷ്കപട അണികളുമാണ് തങ്ങൾക്കാവശ്യമെന്ന സാമാന്യ തിരിച്ചറിവോടെ ബൂത്ത്‌ തലം തൊട്ട് അടിമുടി ഒരു മാറ്റം എന്ന് നടക്കുന്നുവോ അന്ന് മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടുകയുള്ളൂവെന്നും ഓർമ്മപ്പെടുത്തുന്നു.
കോൺഗ്രസ്സ് നശിക്കാതിരിക്കട്ടെ, അവർ വഴി ആർ എസ് എസും അനുബന്ധ കക്ഷികളും വളരാതിരിക്കട്ടെ..
ksmadani@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!