KSDLIVENEWS

Real news for everyone

കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി; ചികിത്സയ്ക്ക് പരിശോധനാഫലവും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമില്ല

SHARE THIS ON

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിർബന്ധമില്ല. ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.

പുതുക്കിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികൾക്ക് ഉടനടിയും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കാനാണ് പരിഷ്കരണമെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു. സ്വകാര്യ ആശുപത്രികളിലടക്കം പുതിയ നിർദേശങ്ങൾ നടപ്പിലാക്കേണ്ടി വരും.

കോവിഡ് ചികിത്സയ്ക്ക് പരിശോധനാഫലം ആവശ്യമില്ല എന്നതാണ് പ്രധാനം. രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന ഏത് രോഗിക്കും കോവിഡ് ആരോഗ്യ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യുന്നതിനും സർട്ടിഫിക്കറ്റ് തടസ്സമാകില്ല.

ഒരു രോഗിക്കും ഏത് പ്രദേശത്തുകാരനാണെങ്കിലും സേവനം നിഷേധിക്കപ്പെടരുത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പരിഷ്കാരം. ഓക്സിജൻ, മറ്റു അവശ്യമരുന്നുകൾ തുടങ്ങിയ സേവനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഉൾപ്പെടുന്ന ആളെല്ലെന്ന് പറഞ്ഞ് ചികിത്സയും സേവനവും നിഷേധിക്കാൻ പാടില്ല. നിലവിൽ ചില ആശുപത്രികളിൽ ആ പ്രദേശത്തുക്കാരനാണെന്ന തിരിച്ചറിയൽ രേഖ ഹാജരാക്കിയാലെ പ്രവേശനം നടത്തുന്നുണ്ടായിരുന്നുള്ളൂ.

അതേസമയം, ആവശ്യത്തെ അടിസ്ഥാനമാക്കി മാത്രമാകണം ആശുപത്രികളിലെ പ്രവേശനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രി പ്രവേശനം ആവശ്യമില്ലാത്ത വ്യക്തികൾക്ക് കിടക്കകൾ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കണം.

ചെറിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവർക്ക് പരിചരണം നൽകുന്നതിന് കോവിഡ് കെയർ സെന്ററുകൾ, പോതു-സ്വകാര്യ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, സ്കൂളുകൾ, സ്റ്റേഡിയങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കണം. ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!