ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും; ഭീഷണി ഒഴിയാതെ ലോകം

ബെയ്ജിങ്: ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഞായറാഴ്ച പുലർച്ചയോടെ ഭൂമിയിൽ പതിച്ചേക്കും. യു.എസ്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാർഡ് പറഞ്ഞത്. അതേസമയം തങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
100 അടി ഉയരവും 22 ടൺഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ചൈനീസ് വിദഗ്ധർ പറയുന്നത്. എന്നാൽ അമേരിക്ക അപകട സാധ്യത തള്ളിക്കളയുന്നില്ല.
യൂറോപ്യൻ ബഹിരാകാശ ഏജൻസി ‘ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്ക് സോൺ ‘പ്രവചിക്കുന്നുണ്ട്. ന്യൂയോർക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങൾ, യൂറോപ്പിൽ സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിസ്ക് സോൺ പ്രവചനത്തിൽ ഉൾപ്പെടുന്നു. സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും അതിന്റെ പാതയെ ഗണ്യമായി മാറ്റുമെന്നും അവർ പറയുന്നു.
മെയ് എട്ടിനും പത്തിനും ഇടയിലുള്ള രണ്ടു ദിവസത്തിനുള്ളിലെ പതിക്കൂവെന്നാണ് യൂറോപ്യൻ ഏജൻസിയുടെ കണക്കുകൂട്ടൽ. തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചിട്ടുണ്ടാകുമെന്നാണ് ചൈനയുടെ പ്രതികരണം. നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.
ഏപ്രിൽ 29-നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
അന്തരീക്ഷത്തിൽ വെച്ച് തകർന്നാലും റോക്കറ്റിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഒരു വലിയ ഭാഗം അവശേഷിക്കും. ഇത് എവിടെ പതിക്കും എന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായമാണ് ഗവേഷകർക്ക്. ജനവാസ കേന്ദ്രത്തിൽ ഇതു പതിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞർ പറയുന്നത്. സമുദ്രത്തിലാകും ഇത് പതിക്കുകയെന്നും ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്.

