KSDLIVENEWS

Real news for everyone

രാഹുല്‍ ഉപേക്ഷിക്കുന്ന വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിക്കണം: ആവശ്യവുമായി ഡി.എം.കെ

SHARE THIS ON

ചെന്നൈ: രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുമ്ബോള്‍ അവിടെ പ്രിയങ്കാഗാന്ധിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ.

രാഹുല്‍ പ്രതിപക്ഷനേതാവ് ആവുമ്ബോള്‍, വയനാട് രാജിവെച്ച്‌ പ്രിയങ്കാ ഗാന്ധി സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഡി.എം.കെ. വക്താവും മാധ്യമവിഭാഗം ജോയിന്റ് സെക്രട്ടറിയുമായ ശരവണൻ അണ്ണാദുരൈയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടുസീറ്റുകളില്‍ വിജയിച്ച രാഹുല്‍ഗാന്ധി, റായ്ബറേലി നിലനിർത്താനും വയനാട് വിടാനും തീരുമാനിച്ചുവെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രാഹുല്‍ ഇക്കാര്യം കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. 17-നുള്ളില്‍ രാഹുല്‍ ഏത് സീറ്റ് നിലനിർത്തും എന്നതില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.

രാഹുല്‍ ഗാന്ധി ലോക്സഭയിലെ നേതൃപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം പ്രമേയം പാസാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ചേർന്ന പ്രവർത്തക സമിതിയിലായിരുന്നു പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് റായ്ബറേലി. ഗാന്ധികുടുംബത്തിലെ പ്രധാന നേതാക്കള്‍ ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്തർപ്രദേശ് ഇക്കുറി വലിയ വിജയമാണ് ഇന്ത്യ സഖ്യത്തിന് സമ്മാനിച്ചത്.

അതുകൊണ്ടു തന്നെ റായ്ബറേലി സീറ്റ് വിടുന്നത് ഉത്തർപ്രദേശിലെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാനും ഇടയുണ്ട്. അതിനാല്‍ റായ്ബറേലി മണ്ഡലം നിലനിർത്തുക, യു.പിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വയനാട്ടില്‍ കേരളത്തില്‍നിന്നു തന്നെയുള്ള ഒരാളെ മത്സരിപ്പിക്കുക എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് ആവിഷ്കരിച്ചിട്ടുള്ളത് എന്നാണ് വിവരം.

രാഹുല്‍ വയനാട് ഉപേക്ഷിക്കുകയാണെങ്കില്‍ പ്രിയങ്കാഗാന്ധി മത്സരിക്കാനെത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരനെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കണമെന്ന ചർച്ചകളും സജീവമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!