KSDLIVENEWS

Real news for everyone

ആക്രമണം നിർത്തിവെച്ചതായി ഇറാനും ഇസ്രയേലും; ലെബനനിൽ ആക്രമണം തുടരുന്നത് സമാധാനശ്രമങ്ങൾക്ക് തിരിച്ചടി

SHARE THIS ON

ടെഹ്‌റാൻ: ഒരിടവേളയ്ക്ക് ശേഷം ആരംഭിച്ച ഇസ്രയേലും ഇറാനും തമ്മിലുളള നേർക്കുനേർ സംഘർഷത്തിന് താത്കാലിക വിരാമമാകുന്നു. ഇസ്രയേലിനെതിരായ ആക്രമണം നിർത്തിയതായി ഇറാൻ അറിയിച്ചു. പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം നിർത്തിവെച്ചതായി ഇസ്രയേലും പ്രഖ്യാപിച്ചു.

ഇസ്രയേലിനെതിരായ നിലവിലെ ആക്രണങ്ങൾ അവസാനിപ്പിച്ചതായി ഇറാന്റെ ഖത്തം അൽ അൻബിയ ആസ്ഥാനമാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ, ലെബനനിൽ ഉൾപ്പടെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ മുമ്പത്തേക്കാൾ കഠിനവും ശക്തവുമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനെതിരെ ആക്രമണം നിർത്തിയെങ്കിലും തെക്കൻ ലെബനനിൽ ഹിസ്ബുല്ലയ്‌ക്കെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഇത് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കകളുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ ചർച്ചനടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ഇറാനുമായുള്ള വെടിനിർത്തലിന് തയ്യാറായത്. അതിന് മുന്നോടിയായി ഇസ്രയേയും ഇറാനും ഉടനടി വെടനിർത്തലിന് തയ്യാറാകണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഒരു മണിക്കൂറിന് ശേഷം പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിൽ ഇരുരാജ്യങ്ങളും വെടിനിർത്തലിന് ശ്രമിക്കുകയാണെന്നും ട്രംപ് അറിയിച്ചു.

സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിനിടയിലുള്ള അജ്ഞതയും മണ്ടത്തരവും ചർച്ചകളുടെ വഴി തടസ്സപ്പെടുത്തിയേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അന്തിമ കരാർ എത്തുന്നതുവരെ ഉപരോധം നിലനിൽക്കുമെന്നും പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽനിന്ന് പിൻമാറാത്തതുപോലെതന്നെ ചർച്ചകളിൽനിന്നും പിൻമാറിയിട്ടില്ലെന്ന് അറിയിച്ച് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും രംഗത്തെത്തി. ‘ദേശീയ സുരക്ഷയും ജനങ്ങളുടെ സമാധാനവുമാണ് ഞങ്ങളുടെ മുൻഗണന. രാഷ്ട്രത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കും, ഒരു ഭീഷണിക്ക് മുന്നിലും ഞങ്ങൾ പിന്മാറുകയില്ല. നയതന്ത്രവും പ്രതിരോധവും ദേശീയ ശക്തിയുടെ രണ്ട് ചിറകുകളാണ്. ഞങ്ങൾ യുദ്ധക്കളത്തിൽനിന്നും ചർച്ചയിൽനിന്നും പിൻമാറിയിട്ടില്ല’, ഇറാൻ പ്രസിഡന്റ് എക്‌സിൽ കുറിച്ചു.

യുദ്ധത്തിന് നൂറുനാൾ തികഞ്ഞ ഞായറാഴ്ചയാണ് ഇറാനും ഇസ്രയേലും വീണ്ടും നേർക്കുനേർ സംഘർഷത്തിലേർപ്പെട്ടത്. ഞായറാഴ്ച ഇസ്രയേലിനുനേരെ ഇറാൻ മിസൈലാക്രമണം നടത്തി. ഏപ്രിലിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ആദ്യമായാണ് ഇസ്രയേലിനുനേരേ ഇറാൻ ആക്രണമുണ്ടാകുന്നത്. മിസൈലുകളെല്ലാം തടഞ്ഞതായി ഇസ്രയേൽ അറിയിച്ചു. ഞായറാഴ്ച ഇസ്രയേൽ ലെബനനിലെ ബയ്റുത്തിൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ നടപടിക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്നും ഇതൊരു മുന്നറിയിപ്പാണെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് കോർ അറിയിച്ചു. ഇനി ഇത്തരം ആക്രമണമുണ്ടായാൽ തിരിച്ചടി ഇതിലും വലുതാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ഇസ്രയേൽ തിരിച്ചടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!