ജില്ലയില്‍ മഴ കനത്തു. മിക്ക പുഴകളും കനാലുകളും കരകവിഞ്ഞൊഴുകുന്നു; നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നു
കാസര്‍കോട്: ജില്ലയില്‍ മഴ ശക്തിപ്രാപിച്ചു. മിക്ക പുഴകളും കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനെതുടര്‍ന്ന് ഇരുന്നൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പോടൊതുരുത്തി, പാലായി, ചാത്തമത്ത്, കാര്യംകോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഇതിനിടയില്‍ കൊന്നക്കാട് വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആളപായമില്ല. ഇതേ തുടര്‍ന്ന് മൂത്താടി കോളനിയിലെ 6 കുടുംബങ്ങളെ മാലോത്ത് കസബ സ്‌കൂളിലേക്ക്
മാറ്റിപ്പാര്‍പ്പിച്ചു.
കാലിക്കടവ് -കുന്നുംകൈ റോഡില്‍ വെള്ളം കയറി. ചിറ്റാരിയ്ക്കാല്‍ പോലിസും വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുകുമാരന്റെയും നേതൃത്വത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പട്ട റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ മാറ്റി. മാങ്ങോട് – നര്‍ക്കിലക്കാട് റോഡിലും വെള്ളം കയറി. റവന്യൂ അധികൃതരും രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.