KSDLIVENEWS

Real news for everyone

കാണാതായ മലേഷ്യൻ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ആസ്ട്രേലിയൻ തീരത്ത് കണ്ടെത്തി

SHARE THIS ON

കാന്‍ബെറ : ഇന്നും ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് എം.എച്ച്‌ 370. 2014 മാര്‍ച്ച്‌ 8നാണ് വിമാനം കാണാതായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ വിമാനത്തിനും അതിലെ യാത്രക്കാര്‍ക്കും എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. അന്ന് വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്ടന്‍ സഹരി അഹമ്മദ് ഷായോ സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോ വിമാനം ബോധപൂര്‍വം തകര്‍ത്ത് ആത്മഹത്യ ചെയ്തിരിക്കാമെന്നും അല്ലെങ്കില്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാകാമെന്നുമുള്‍പ്പെടെ നിരവധി ഊഹാപോഹങ്ങളും നിലവിലുണ്ട്.ഇപ്പോഴിതാ ആസ്ട്രേലിയയിലെ ഒരു വിദൂര പ്രദേശത്തെ ബീച്ചില്‍, കാണാതായ ഫ്ലൈറ്റ് എം.എച്ച്‌ 370ന്റേതെന്ന് കരുതുന്ന വിമാനാവശിഷ്ടം വന്നടിഞ്ഞിരിക്കുകയാണ്. വടക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ കേപ് ട്രിബ്യൂലേഷന് അടുത്തുള്ള ബീച്ചില്‍ മൈക്ക് എല്‍കോട്ട് എന്ന മത്സ്യത്തൊഴിലാളിയാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. ബോട്ടിന്റെ ഭാഗമാണെന്നാണ് ആദ്യം കരുതിയതെങ്കിലും വിമാനത്തിന്റെ ചിറക് ഭാഗത്തോട് സാമ്യം തോന്നുകയായിരുന്നു. ഉടന്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്കില്‍ ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയറിംഗ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ചിത്രം കണ്ട പലരും ഇത് കാണാതായ ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട എം.എച്ച്‌ 370 ന്റെ അവശിഷ്ടമാകാമെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മണലും ചിപ്പിയും നിറഞ്ഞ നിലയിലാണ് അവശിഷ്ടം. എന്നാല്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ നിറവും ഘടനയുമായി ഈ അവശിഷ്ടങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്.

2014 മാര്‍ച്ച്‌ എട്ടിനാണ് ക്വാലാലംപൂരില്‍ നിന്നും മലേഷ്യന്‍ വിമാനം ബീജിങ്ങിലേക്ക് പറന്നുയരുന്നത്. വ്യാപകമായ തിരച്ചിലുകള്‍ പിന്നീട് നടത്തിയെങ്കിലും ആരുടേയും മൃതദേഹ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല. 239 യാത്രക്കാരും വിമാനജീവനക്കാരുമായി വിമാനം വൈകാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!