KSDLIVENEWS

Real news for everyone

ഹെൽമെറ്റ് ഇല്ലാത്തതിന് വയോധികനെ വലിച്ചിഴച്ച് കരണത്തടിച്ച എസ്ഐയെ സ്ഥലം മാറ്റി ; കഠിന പരീശീലനം

SHARE THIS ON

കൊല്ലം: ഹെല്‍മെറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ചടയമംഗലത്ത് നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്‌ഐയെ സ്ഥലം മാറ്റി. കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.

ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികനെയാണ് എസ്‌ഐ ഷജീം മര്‍ദിച്ചത്. രാമാനന്ദന്‍ നായര്‍ (69) ആണ് മര്‍ദനത്തിനിരയായത്. രാമാനന്ദനെ മുഖത്തടിക്കുകയും വലിച്ചിഴച്ച്‌ ജീപ്പില്‍ കയറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച്‌ നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച്‌ കയറ്റിയത്.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പൊലീസ് ജീപ്പില്‍ കയറ്റിയത്. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണല്‍ എസ്.ഐ. ഷജീം വയോധികനെ വലിച്ചിഴച്ച്‌ ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്. സംഭവം വാര്‍ത്തയായതോടെ കൊല്ലം റൂറല്‍ എസ്.പി. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!