KSDLIVENEWS

Real news for everyone

സ്റ്റോക്‌സിന്റെ സെഞ്ചുറി മികവില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്

SHARE THIS ON

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തകര്‍ത്താണ് ഇംഗ്ലണ്ട് വിജയമാഘോഷിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സ് 37.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ടീമിന്റെ വിജയശില്‍പ്പി. ഈ തോല്‍വിയോടെ നെതര്‍ലന്‍ഡ്‌സ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച നെതര്‍ലന്‍ഡ്‌സിന് ഒരുഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നിലനിര്‍ത്താനായില്ല. 41 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (38), ഓപ്പണര്‍ വെസ്ലി ബരേസി (37), സൈബ്രാന്‍ഡ് എയ്ഞ്ജല്‍ബ്രെക്ട് (33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇംഗ്ലീഷ് ബൗളിങ് നിരയെ നേരിട്ട് വിജയം നേടാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 163 ന് ആറുവിക്കറ്റ് എന്ന സ്‌കോറില്‍ നിന്ന് 179 റണ്‍സില്‍ ടീം ഓള്‍ ഔട്ടാകുകയായിരുന്നു. അവസാന നാലുവിക്കറ്റുകള്‍ വെറും 16 റണ്‍സിനിടെ നിലംപൊത്തി. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്‌സ് ഒരുവിക്കറ്റൈടുത്തു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് മലാനും ക്രിസ് വോക്‌സും മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ വീണ്ടും നിരാശപ്പെടുത്തി. 15 റണ്‍സ് മാത്രമാണ് താരം നേടിയത്. മറ്റൊരു ഓപ്പണറായ മലാന്‍ നന്നായി ബാറ്റുവീശാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു. 28 റണ്‍സെടുത്ത ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാന്‍ ടീം സ്‌കോര്‍ 133-ല്‍ എത്തിച്ചു. എന്നാല്‍ റൂട്ട് മടങ്ങിയതിന് പിന്നാലെ മലാനും പുറത്തായി. 74 പന്തില്‍ 10 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 87 റണ്‍സെടുത്ത താരം റണ്‍ ഔട്ടാകുകയായിരുന്നു. മലാന് പകരം ആക്രണം ഏറ്റെടുത്ത സ്റ്റോക്‌സ് അടിച്ചുതകര്‍ത്തു. മറുവശത്ത് ഹാരി ബ്രൂക്ക് (11), നായകന്‍ ജോസ് ബട്‌ലര്‍ (5), മോയിന്‍ അലി (4) എന്നിവര്‍ അതിവേഗം പുറത്തായെങ്കിലും സ്‌റ്റോക്‌സ് പതറിയില്ല. എട്ടാമനായി വന്ന ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ആറുവിക്കറ്റിന് 192 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 321-ല്‍ എത്തിച്ചു. ഇതിനിടെ സ്‌റ്റോക്‌സ് സെഞ്ചുറി നേടി. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ചുറിയാണിത്. പിന്നാലെ വോക്‌സ് അര്‍ധസെഞ്ചുറിയും കുറിച്ചു. എന്നാല്‍ 44 പന്തില്‍ 51 റണ്‍സെടുത്ത വോക്‌സിനെ 49-ാം ഓവറില്‍ ബാസ് ഡി ലീഡ് പുറത്താക്കി. പിന്നാലെ വന്ന ഡേവിഡ് വില്ലി ഒരു സിക്‌സടിച്ച് പുറത്തായി. അവസാന ഓവറില്‍ സ്‌റ്റോക്‌സും പുറത്തായി. 84 പന്തില്‍ ആറ് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 108 റണ്‍സെടുത്താണ് സ്‌റ്റോക്‌സ് ക്രീസ് വിട്ടത്. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് 124 റണ്‍സാണ് അടിച്ചുകൂട്ടിയത്. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!